09 August, 2020 11:16:25 AM


രാജ്യത്ത് 101 ആയുധങ്ങളുടെ ഇറക്കുമതി നിരോധിച്ചു; പ്രഖ്യാപനവുമായി രാജ്നാഥ് സിംഗ്



ദില്ലി: ആത്മ നിർഭർ ഭാരത് സംരംഭത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. പ്രതിരോധ രംഗത്ത് തദ്ദേശിയ ഉൽപാദനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇറക്കുമതി നിരോധനമെന്ന് രാജ്നാഥ് സിംഗ് ഞായറാഴ്ച രാവിലെ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.


സമ്പദ്‌വ്യവസ്ഥ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വയം പര്യാപ്തത നേടണമെന്ന് ആത്മനിർഭർ  സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെ 10.00 ന് രാജ് നാഥ്സിംഗ് ഒരു സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രിയുടെ ഓഫീസ് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആയുധ ഇറക്കുമതി നിരോധം പ്രഖ്യാപിച്ചുള്ള മന്ത്രിയുടെ അറിയിപ്പെത്തിയത്.


ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന മേഖലകളെ തിരിച്ചറിയണമെന്നും ഇന്ത്യയെ ഒരു സൂപ്പർ പവർ ആക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ ഉൽപാദനത്തിന് പ്രാമുഖ്യം നൽകണമെന്നും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിരോധ വകുപ്പിൽ നിന്നും സുപ്രധാന തീരുമാനമുണ്ടാകുന്നത്.


ചൈനയുടെ 70 ശതമാനം കയറ്റുമതിയും പത്ത് മേഖലകളുമായി ബന്ധപ്പെട്ടതാണെന്ന് ഗഡ്ക്കരി വ്യക്തമാക്കിയിരുന്നു. യന്ത്രങ്ങൾകയറ്റുമതി ചെയ്യുന്നതിലൂടെ 671  ബില്യൺ യുഎസ് ഡോളറും കമ്പ്യൂട്ടറിന്റെ കയറ്റുമതിയുടെ 417 ബില്യൺ യുഎസ് ഡോളറുമാണ് ചൈനയ്ക്ക് ലഭിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K