10 August, 2020 01:19:15 PM


അശ്ലീല സന്ദേശങ്ങളും ഭീഷണിയും: പ്രമുഖ നടിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍



ദില്ലി: സോഷ്യല്‍ മീഡിയ വഴി സിനിമാ താരത്തെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. ദില്ലിയിലെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ഫാര്‍മസിസ്റ്റായ ജാര്‍ഖണ്ഡ് സ്വദേശി നിഖില്‍ ഗംഗ്വാര്‍ (26) ആണ് അറസ്റ്റിലായത്. കുടുംബത്തോടൊപ്പം ദില്ലിയില്‍ കഴിയുന്ന പ്രമുഖ തെലുങ്ക് നടിയുടെ പരാതിയിലാണ് പൊലീസ് നടപടി. അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്നും ഭീഷണിപ്പെടുത്തുവെന്നും കാട്ടിയായിരുന്നു പരാതി.


നടിയോടുള്ള അമിത ആരാധന കൊണ്ടാണ് യുവാവ് ഇതൊക്കെ ചെയ്തുകൂട്ടിയെന്നാണ് പൊലീസ് പറയുന്നത്. 2016 മുതല്‍ നിഖില്‍ താരത്തെ ശല്യം ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി ഇയാള്‍ പലതവണ വിവാഹ അഭ്യര്‍ഥന നടത്തിയിരുന്നു.. ഇത് അവഗണിച്ചതാണ് വൈരാഗ്യത്തിന് കാരണമായത്. ഇതോടെ നിരവധി ഫേക്ക്‌അക്കൗണ്ടുകള്‍ സൃഷ്ടിച്ച്‌ കൂടുതല്‍ സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. സന്ദേശങ്ങള്‍ പതിയെ അശ്ലീലതയിലേക്കും ഭീഷണിയിലേക്കും വഴിമാറി. ശാരീരികമായി ആക്രമിക്കുമെന്ന തരത്തില്‍ വരെ സന്ദേശങ്ങള്‍ അയച്ചു തുടങ്ങി.


ആരാധാനഭ്രാന്ത് മൂത്ത ആരോ ചെയ്തതാണെന്ന് കരുതി താരം ഇതെല്ലാം അവഗണിക്കുകയാണുണ്ടായത്. എന്നാല്‍ ഈയടുത്ത് തോക്കുകളുടെ ചിത്രങ്ങള്‍ അയച്ച്‌ ഭീഷണി മുഴക്കി. ഇതിനൊപ്പം നടി കുടുംബത്തോടൊപ്പം താമസിക്കുന്ന ദില്ലിയിലെ വീടിന്‍റെ വിലാസം അറിയാമെന്നും ഇയാള്‍ അറിയിച്ചു. തന്‍റെ വാദം സത്യമാണെന്ന് അറിയിക്കാന്‍ വീടിന്‍റെ ചിത്രങ്ങളും അയച്ചു നല്‍കി. ജോലി ആവശ്യത്തിനായി മുംബൈ-ഹൈദരബാദ് എന്നിങ്ങനെ സഞ്ചരിക്കുന്ന താരത്തിന്‍റെ കുടുംബം ദില്ലിയിലാണ് കഴിയുന്നത്.


ലോക്ക് ഡൗണ്‍ സാഹചര്യം ആയതുകൊണ്ടാണ് നടിയും ഇവര്‍ക്കൊപ്പം താമസത്തിനെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പല അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിട്ടും സന്ദേശങ്ങളുടെ എണ്ണം വീണ്ടും കൂടിയ സാഹചര്യത്തിലും കുടുംബത്തിന്‍റെ സുരക്ഷയെ കരുതിയും ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വച്ച്‌ നടത്തിയ അന്വേഷണത്തില്‍ നിഖിലിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K