11 August, 2020 05:41:53 PM


കേടുപാടുകള്‍ ഉള്ള ഒരു പൊതുമരാമത്ത് റോഡ് പോലും സംസ്ഥാനത്ത് ഉണ്ടാവില്ല - മന്ത്രി



കോഴിക്കോട്: സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുമ്പോള്‍ സംസ്ഥാനത്ത് കേടുപാടുകള്‍ ഉള്ള ഒരു പൊതുമരാമത്ത് റോഡ് പോലും ഉണ്ടാവില്ലെന്ന് കൊയിലാണ്ടിയിലെ മൂന്ന് പൊതുമരാമത്ത് റോഡുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. മൂടാടി ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കെ ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു ശിലാഫലകം അനാച്ഛാദനം ചെയ്തു.


ലോക്ക്ഡൗണ്‍ കാരണം സ്തംഭിച്ചിരുന്ന നിര്‍മ്മാണ മേഖല പതുക്കെ പൂര്‍വ്വ സ്ഥിതിയിലേക്ക് മാറുകയാണ്. എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്ത് വകുപ്പിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായി സംസ്ഥാനത്ത് ഒട്ടനവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിച്ചതായി മന്ത്രി പറഞ്ഞു. നിയോജകമണ്ഡലത്തില്‍ ദേശീയപാത വികസനമുള്‍പ്പെടെ പൊതുമരാമത്ത് മേഖലയില്‍ 1718 കോടിയോളം രൂപ ചെലവഴിക്കുന്നുണ്ട്. സര്‍ക്കാര്‍ അധികാരത്തിലെത്തി നാലു വര്‍ഷമാകുമ്ബോള്‍ പൊതുമരാമത്ത് വകുപ്പു വഴി സംസ്ഥാനത്ത് 517 പാലങ്ങള്‍ പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു.


മൂടാടി - ഹില്‍ ബസാര്‍ -മുചുകുന്ന് റോഡ്, കൊയിലാണ്ടി -താമരശ്ശേരി റോഡ്, പൂക്കാട് -തോരായിക്കടവ് റോഡ് എന്നീ റോഡുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. മൂന്ന് റോഡുകളും ബിഎം & ബിസി നിലവാരത്തിലാണ് നവീകരിച്ചത്. മൂടാടി - ഹില്‍ ബസാര്‍ -മുചുകുന്ന് റോഡ് മൂന്ന് കോടി രൂപ ചെലവഴിച്ചും, കൊയിലാണ്ടി -താമരശ്ശേരി റോഡ് കണയങ്കോട് പാലം വരെ നാല് കോടി രൂപ ചെലവഴിച്ചും, പൂക്കാട് -തോരായിക്കടവ് റോഡ് 3.50 കോടി രൂപ ചെലവഴിച്ചുമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K