17 September, 2020 04:57:40 PM


ജനപങ്കാളിത്തത്തോടെയുള്ള വന സംരക്ഷണത്തില്‍ ഗണ്യമായ പുരോഗതി -മന്ത്രി കെ. രാജു



കോട്ടയം: ജനപങ്കാളിത്തത്തോടെയുള്ള വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ പുരോഗതി കൈവരിക്കാനായതായി വനം വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ  പാറമ്പുഴ ആരണ്യ ഭവന്‍ കോംപ്ലക്‌സില്‍ നിര്‍മിക്കുന്ന ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
വനം വകുപ്പും ജനങ്ങളും തമ്മില്‍, പ്രത്യേകിച്ച് വനമേഖലകള്‍ക്കു സമീപം താമസിക്കുന്ന കര്‍ഷകരുമായി കുറച്ച് അകലമുണ്ട്. ഇത് പരമാവധി ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.


വകുപ്പിലെ താത്കാലിക ജീവനക്കാര്‍ക്കും വനമേഖലയില്‍ താമസിക്കുന്ന കര്‍ഷകര്‍ക്കും  ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വനവിസ്തൃതിയില്‍ വര്‍ധനവുണ്ടായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വനത്തെയും വന്യ ജീവികളെയും സംരക്ഷിക്കാന്‍  വനാശ്രിത സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും പിന്തുണയോടെ നിരവധി നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചു-മന്ത്രി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി മുഖ്യാതിഥിയായിരുന്നു.


 പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ. കേശവന്‍, പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ് വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വര്‍മ, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം. രഞ്ജന്‍, ഡി.എഫ്.ഒ സി. ബാബു, കെ.പി.എച്ച്.സി.സി. പ്രോജക്ട് എന്‍ജിനീയര്‍ അജീഷ് മത്തായി, കൗൺസിലർ ബിനു ആർ .മോഹൻ, ഡി എഫ് ഒ രോഹിണി ജി.ആർ തുടങ്ങിയവര്‍ പങ്കെടുത്തു. ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോര്‍ജി പി. മാത്തച്ചന്‍ സ്വാഗതവും ഫീല്‍ഡ് ഡയറക്ടര്‍ കെ.ആര്‍. അനൂപ് നന്ദിയും പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K