27 October, 2020 08:16:57 AM


സ്വര്‍ണക്കടത്ത് കേസ്: മുഖ്യ സൂത്രധാരന്‍ റബിന്‍സ് ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും



കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ റിബിന്‍സ് ഹമീദിനെ ഇന്ന് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. യു.എ.ഇയില്‍ നിന്ന് നാടുകടത്തിയ ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസിൽ എന്‍.ഐ.എ, കസ്റ്റംസ് എന്നി ഏജൻസികൾ പ്രതിയാക്കിയ മുവാറ്റുപുഴ സ്വദേശി റബിൻസ് ഹമീദിനെയാണ് അറസ്റ്റ് ചെയ്തത്. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലെ 10ആം പ്രതിയും കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 18ാം പ്രതിയുമാണ് അറസ്റ്റിലായ റിബിന്‍സ് ഹമീദ്. റിബിന്‍‌സ് ഹമീദും കേസില്‍ നേരത്തെ അറസ്റ്റിലായ കെ.ടി റമീസുമാണ് സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്മാരെന്ന് എന്‍.ഐ.എ നേരത്തേ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.


സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ആറ് പേര്‍ വിദേശത്താണെന്നും എന്‍.ഐ.എ അറിയിച്ചിരുന്നു. കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകണമെങ്കില്‍ റിബിൻസിനെയും ഫൈസൽ ഫരീദിനെയും കസ്റ്റഡിയിൽ കിട്ടണമെന്നായിരുന്നു എന്‍ഐഎയുടെ നിലപാട്. എന്‍.ഐ.എ സംഘം യു.എ.ഇയിലെത്തിയപ്പോൾ യു.എ.ഇ ഭരണകൂടം ഇരുവരെയും അറസ്റ്റ് ചെയ്തതായി അറിയിച്ചിരുന്നു. സ്വർണ കടത്ത് പിടിക്കപ്പെട്ടതു മുതൽ യു.എ.ഇ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്ന റബിൻസിനെ നാടുകടത്തുകയായിരുന്നു. എന്നാൽ കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിന്‍റെ കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായതോടെ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടായേക്കുമെന്നാണ് സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K