04 November, 2020 09:05:43 PM


ബിനീഷ് വഴി കോവിഡ് ടെസ്റ്റ് കിറ്റുകള്‍ സര്‍ക്കാര്‍ വാങ്ങിയത് ഇരട്ടി വിലയ്ക്ക് - ബി.ജെ.പി



തൃശൂർ: കോവിഡ് പ്രതിരോധത്തിന്‍റെ മറവിൽ ബിനീഷ് കോടിയേരിയുടെ ബിനാമി കമ്പനിയിലൂടെ വന്‍അഴിമതി നടന്നെന്ന ആരോപണവുമായി ബി.ജെ.പി വക്താവ് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണൻ. കോവിഡ് പ്രതിരോധത്തിനുള്ള ടെസ്റ്റ് കിറ്റ് അടക്കമുള്ളവ ഇരട്ടി വിലയ്ക്കാണ് സ്വകാര്യ ഏജന്‍സി വഴി വാങ്ങിയതെന്നും ഈ അഴിമതിയില്‍ ആരോഗ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കോവിഡ് പി.സി.ആര്‍. ടെസ്റ്റ് കിറ്റ്, ആന്‍റിജന്‍ ടെസ്റ്റ് കിറ്റ് എന്നിവ വിപണിവിലയേക്കാള്‍ മൂന്നിരട്ടി വിലക്കാണ് സ്വകാര്യ ഏജന്‍സി വഴി മേടിച്ചിരിക്കുന്നത്. നൂറ് ടെസ്റ്റുകള്‍ക്കുള്ള മരുന്നുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കിറ്റിന് 120,000 രൂപക്കാണ് ടെണ്ടര്‍ വിളിക്കാതെ ഇതുവരെ വാങ്ങിയത്. വിപണിയില്‍ 30,000 രുപയാണ് ഏറ്റവും ഉയര്‍ന്ന ക്വാളിറ്റി കിറ്റിന്‍റെ ഉയര്‍ന്ന വിലയെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. 


സ്വകാര്യ ആശുപത്രികള്‍ വഴി ഒരു ടെസ്റ്റിന് 2000 രുപ വിലയിടുന്നതും ഇതിന്‍റെ മറ്റൊരു താല്‍പ്പര്യമാണ്. ഒരു ടെസ്റ്റിന് 500 രൂപ മുതല്‍ 750 രൂപ വരെ മാത്രമെ ചെലവ് വരികയുള്ളൂ. ഡല്‍ഹിയിലെ മൈലാബ് ഏജന്‍സി കമ്പനിയാണ് ഇതുവരെ കിറ്റുകള്‍ വിതരണം ചെയ്തിരിക്കുന്നത്.


ബിനീഷ് കോടിയേരിയുടെ ബിനാമി കമ്പനിയായ ടോറസ്സ് മെഡിസിന്‍ എജന്‍സിയാണ് മൈലാബ് വഴി കോവിഡ് കിറ്റ് വിതരണം നടത്തിയിരിക്കുന്നത്. ഈ കാര്യം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇന്നത്തെ റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. കോവിഡിന്‍റെ മറവില്‍ നടന്ന ഈ അഴിമതി ആരോഗ്യ മന്ത്രിയുടെ അറിവോടെയാണ് നടക്കുന്നതെന്നും ആരോഗ്യ മന്ത്രി മറുപടി പറയണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K