09 November, 2020 09:05:58 AM


വീട്ടിൽ കഞ്ചാവ്: ചലച്ചിത്ര നിര്‍മ്മാതാവിന്റെ ഭാര്യ അറസ്റ്റിൽ; 3 വിതരണക്കാരും പിടിയിൽ



മുംബൈ: ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് ഫിറോസ് നാദിയദ്വാലയുടെ ഭാര്യയെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. മുംബൈയിലെ വീട്ടില്‍ 10 ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. റെയ്ഡുകളില്‍ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ മയക്കുമരുന്ന് കടത്തുകാരും വിതരണക്കാരും ആണെന്ന് സംശയിക്കുന്നുണ്ട്.


ഓപ്പറേഷനില്‍ എന്‍സിബി മൊത്തം 727.1 ഗ്രാം കഞ്ചാവ്, 74.1 ഗ്രാം ചരസ്, 95.1 ഗ്രാം എംഡി (കൊമേഴ്സ്യല്‍ ക്വാണ്ടിറ്റി) എന്നിവയും പിടിച്ചെടുത്തു. വിതരണക്കാരില്‍ നിന്നും 3,58,610 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഫിറോസ് നാദിയദ്വാലയുടെ ഭാര്യ ഷബാന സയീദിനെ അറസ്റ്റ് ചെയ്തതായി എന്‍സിബിയുടെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സ്ഥിരീകരിച്ചു.



അന്വേഷണം ഇപ്പോഴും നടക്കുന്നതിനാൽ  മറ്റ് മൂന്ന് വിതരണക്കാരുടെ പേരുകള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന്  വാങ്കഡെ പറഞ്ഞു. നേരത്തെ ഫിറോസ് നാദിയദ്വാലയെ മയക്കുമരുന്ന് വിരുദ്ധ ഏജന്‍സി നേരത്തെ വിളിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായില്ലെന്ന് വാങ്കഡെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.


കഞ്ചാവ് പിടിച്ചെടുത്ത എന്‍സിബി ഉദ്യോഗസ്ഥരുടെ സംഘമാണ് നാദിയദ്വാലയുടെ വസതി നേരത്തെ തിരച്ചില്‍ നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ അറസ്റ്റിലായ വാഹിദ് അബ്ദുല്‍ കദിര്‍ ഷെയ്ഖ് എന്ന സുല്‍ത്താന്‍ എന്നയാളില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് അവര്‍ പറഞ്ഞു. അന്ധേരി നിവാസിയായ വാഹിദ് അബ്ദുല്‍ കദിര്‍ ഷെയ്ഖ് എന്ന സുല്‍ത്താന്‍ മിര്‍സയെ അന്ധേരിയില്‍ നിന്ന് (പടിഞ്ഞാറ്) അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ താന്‍ കഞ്ചാവ് വിതരണം ചെയ്ത ഷബാന സയീദിന്റെ പേര് വെളിപ്പെടുത്തുകയായിരുന്നു.


ഒരു എന്‍സിബി ടീം ഉടന്‍ തന്നെ ഗുല്‍മോഹര്‍ ക്രോസ് റോഡ് നമ്ബര്‍ 5, ജെവിപിഡി സ്‌കീം, ജുഹുവിലുള്ള ഷബാന സയീദിന്റെ വസതിയിലെത്തി. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ തിരച്ചില്‍ നടത്തി, 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എന്‍ഡിപിഎസ് നിയമത്തിലെ 67-ാം വകുപ്പ് പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചതെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്തതായും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.


സയീദിനും ഷെയ്ഖിനും പുറമെ മൂന്ന് മയക്കുമരുന്ന് വിതരണക്കാരെ കൂടി എന്‍സിബി അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി ചോദ്യം ചെയ്യല്‍ നടക്കുകയാണ്. നടന്‍ സുശാന്ത് സിംഗ് രജ്പുത് ജൂണില്‍ മരിച്ചതിനെ തുടര്‍ന്നാണ് ബോളിവുഡിനെതിരെ ഏജന്‍സിയുടെ ആക്രമണം ആരംഭിച്ചത്. കാമുകി റിയ ചക്രവര്‍ത്തിയും അടക്കം നിരവധി പേരെ കേസില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടികൂടിയിട്ടുണ്ട്.


അതിനുശേഷം നായികമാരായ ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവരെ എന്‍സിബി ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ബോളിവുഡ് ചിത്രങ്ങളായ വെല്‍ക്കം, ഫിര്‍ ഹെരാ ഫെരി, അരാക്ഷന്‍, ദിവാന്‍ ഹുയി പഗല്‍, കാര്‍ട്ടൂഷ് തുടങ്ങിയവ ഫിറോസ് നാദിയദ്വാല നിര്‍മ്മിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K