11 November, 2020 06:43:54 AM


ബി.ജെ.പി.യിലെ പ്രശ്‌നം: അനുനയിപ്പിക്കാനുള്ള മുരളീധരന്റെ നീക്കം പാളി



കൊച്ചി: ബി.ജെ.പി.യിലെ അസംതൃപ്തരെ അനുനയിപ്പിക്കാൻ കേന്ദ്രമന്ത്രി വി. മുരളീധരൻ നടത്തിയ നീക്കം പാളി. കൊച്ചിയിൽ അദ്ദേഹം മുതിർന്ന നേതാവ് പി.എം. വേലായുധനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയം വഷളായതല്ലാതെ പരിഹരിക്കാനായില്ല. പി.എം. വേലായുധൻ, കെ.പി. ശ്രീശൻ തുടങ്ങിയവർ പുതിയവർക്കായി വഴിമാറണമെന്ന നിർദേശമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.


അസംതൃപ്തരെ ഏകോപിപ്പിക്കുന്ന ശോഭാ സുരേന്ദ്രന് കേന്ദ്രത്തിൽനിന്നും മറ്റുമുള്ള സമ്മർദങ്ങളുടെ ഫലമായി വേണ്ട പരിഗണന കിട്ടിയേക്കും. മറ്റുള്ളവരുടെ കാര്യത്തിൽ വ്യക്തമായ ഉറപ്പൊന്നുമില്ല. വി. മുരളീധരന്റെ ഉപദേശങ്ങളിൽ ക്ഷുഭിതാനായാണ് പി.എം. വേലായുധൻ ഗസ്റ്റ് ഹൗസിൽനിന്നു പോയത്. പാർട്ടിയിൽ ജന്മി-കുടിയാൻ ബന്ധമല്ല ഉള്ളതെന്നും അദ്ദേഹം തുറന്നടിച്ചു.


ശോഭാ സുരേന്ദ്രന്റെയും സംസ്ഥാനത്തെ 24 നേതാക്കളുടെയും പരാതി കേന്ദ്ര നേതൃത്വം ഗൗരവത്തോടെയാണു കണ്ടിട്ടുള്ളത്. കേന്ദ്ര നേതൃത്വത്തിലുള്ള മലയാളികളായ ടോം വടക്കൻ, അരവിന്ദ് മേനോൻ, ബാലശങ്കർ, രാജീവ് ചന്ദ്രശേഖർ, അബ്ദുള്ളക്കുട്ടി എന്നിവരോട് കേന്ദ്രനേതൃത്വം കേരളത്തിലെ വിഷയങ്ങളിൽ അഭിപ്രായം തേടിയിട്ടുണ്ട്. അബ്ദുള്ളക്കുട്ടി പുതിയ ആളാണെന്നു പറഞ്ഞ് കാര്യങ്ങൾ അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.


മറ്റു നാലുപേരും വിഷയം പരിഹരിക്കേണ്ടതാണെന്ന അഭിപ്രായമാണ് സൂചിപ്പിച്ചിട്ടുള്ളത്. അതിന്റെകൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ദേശീയ നേതൃത്വം വിളിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കം തുടങ്ങുംമുമ്പ് പാർട്ടിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള ഇടപെടലായിരിക്കും കേന്ദ്ര നേതൃത്വത്തിൽനിന്ന് ഉണ്ടാവുക.


പാർട്ടിയിലെ വിഷയങ്ങൾ നീളുന്നത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കോർ കമ്മിറ്റി കൂടി ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനായിട്ടില്ല. പല ജില്ലകളിലെയും നേതൃത്വം ഗ്രൂപ്പ് തിരിഞ്ഞ് നിൽക്കുന്നതിനാൽ പ്രശ്‌നപരിഹാരം കാണാൻ കഴിയാത്ത അവസ്ഥയുമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K