21 November, 2020 07:24:24 AM


സൂക്ഷ്മ പരിശോധന പൂർത്തിയായി; തള്ളിയത് മൂവായിരത്തി ഒരുനൂറിലേറെ പത്രികകൾ



തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ മുന്നണികളുടെ പ്രചരണം അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഇന്നലെ രാത്രി വരെ 3100 ഓളം നാമനിർദ്ദേശ പത്രികകളാണ് കമ്മീഷന്‍ തള്ളിയത്. 23 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ രാത്രി ഒന്‍പതു വരെ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 3130 നാമനിര്‍ദ്ദേശ പത്രികകളാണ് നിരസിച്ചത്. ഗ്രാമപഞ്ചായത്തുകളിലേക്ക് ലഭിച്ച പത്രികകളില്‍ 2,215 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 305 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ 133 എണ്ണവുമാണ് നിരസിച്ചത്. മുനിസിപ്പാലിറ്റികളില്‍ 477 പത്രികകളും ആറ് കോര്‍പ്പറേഷനുകളിലായി 121 പത്രികകളും നിരസിച്ചു. സൂക്ഷ്മ പരിശോധന കൂടി കഴിഞ്ഞതോടെ മുന്നണികളുടെ പ്രചരണം മുറുകി.പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാനരാഷ്ട്രീയത്തിലെ വിവാദവിഷയങ്ങളും പ്രചരണരംഗത്ത് സജീവമാണ്.


സര്‍ക്കാരിന്‍റെ വികസനകാര്യങ്ങള്‍ ഇടത് മുന്നണി ചർച്ചയാക്കുമ്പോള്‍ സ്വർണ്ണക്കടത്ത് അടക്കമുള്ള വിവാദവിഷയങ്ങളിലാണ് യുഡിഎഫ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ശബരിമല അടക്കമുള്ള വിശ്വാസകാര്യങ്ങള്‍ ചർച്ചയാക്കാന്‍ ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്.സംസ്ഥാനമൊട്ടാകെ മുന്ന് മുന്നണികള്‍ക്കും വിമതശല്യം രൂക്ഷമാണ്. മൂന്ന് മുന്നണികളും വിമതരെ ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ്. 23നാണ് സ്ഥാനാർത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി. ഡിസംബർ എട്ട് .പത്ത് ,14 തിയതികളിലായി മൂന്ന് ഘട്ടമായിട്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K