21 May, 2016 01:25:50 AM


പ്ലസ് വണ്‍ പ്രവേശനം ; ഫോക്കസ് പോയിന്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന സഹായ കേന്ദ്രമായ ഫോക്കസ് പോയിന്റുകള്‍ സംസ്ഥാനത്തെ 75 താലൂക്ക് കേന്ദ്രങ്ങളില്‍ മെയ് 20 മുതല്‍ 31 വരെ പ്രവര്‍ത്തിക്കും. പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും വിവിധ സബ്ജക്ട് കോമ്പിനേഷനുകള്‍ പരിചയപ്പെടുത്തുന്നതിനും ഓരോ വിഷയത്തിന്റെയും ഉപരിപഠന-തൊഴില്‍ സാദ്ധ്യതകളെക്കുറിച്ചും വിവരം നല്‍കുന്നതിന് വിദഗ്ധരായ പരിശീലനം സിദ്ധിച്ച അദ്ധ്യാപകരുടെ സേവനം ഫോക്കസ് പോയിന്റുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്.


ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് നാലു വരെ രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പോയിന്റുകളില്‍ നിന്നും സേവനം ലഭ്യമാകും. ഓരോ താലൂക്കിലും ഫോക്കസ് പോയിന്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ വിവരം സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളിലും പ്രദര്‍ശിപ്പിക്കുന്നതിന് പ്രിന്‍സിപ്പാള്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്‌ളസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ആയാസരഹിതമായി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും അഭിരുചികള്‍ക്കനുസരിച്ച് കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വിഷയം തെരഞ്ഞെടുത്ത് പഠിക്കുന്നതിനും ഫോക്കസ് പോയിന്റുകള്‍ സഹായകമാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K