25 February, 2021 02:33:49 PM


കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു.



തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി (81) അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്കാരത്തിന്റെ തലമുതിർന്ന ഒരു പ്രതിനിധിയെയാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യത്തിന് നഷ്ടമായിരിക്കുന്നത്.


മനുഷ്യനെ കേന്ദ്രമാക്കി, പ്രകൃതിയിൽ ചുവടുറപ്പിച്ചുകൊണ്ട്, തീവ്ര മനുഷ്യാനുഭവങ്ങളെ ആഴത്തിലും പരപ്പിലും കാവ്യാത്മകമായി ആവിഷ്കരിച്ച കവിയായിരുന്നു അദ്ദേഹമെന്ന് വിലയിരുത്തപ്പെടുന്നു. കാലികമായ ജീവിതബോധം കവിതകളിൽ നിറയുമ്പോൾത്തന്നെ ആത്മീയമായ ഒരു ചൈതന്യം അദ്ദേഹത്തിന്റെ കവിതകൾ പങ്കുവെക്കുന്നു. വേദങ്ങൾ, സംസ്കൃതസാഹിത്യം, യുറോപ്യൻ കവിത, മലയാളകവിത എന്നിവയുടെ ഒത്തുചേരൽ ആ കവിതകളിൽ കാണാം.


കാളിദാസകവിതയുമായി ആത്മൈക്യം നേടിയ കവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. അദ്ദേഹത്തിൻറെ 'ഉജ്ജയനിയിലെ രാപ്പകലുകൾ', 'ഇന്ത്യയെന്ന വികാരം' തുടങ്ങിയ കവിതകളിലൊക്കെ ഇതിൻറെ സാക്ഷാത്കാരം കാണാം. വർത്തമാനകാലത്തെ ഭൂതകാലത്തിന്റെ ആർദ്രതയുമായി സമന്വയിപ്പിച്ച് തീക്ഷ്ണവും ഗഹനവുമായവതരിപ്പിച്ച കവിയായിരുന്നു അദ്ദേഹം.


1939 ജൂൺ 2-ന് തിരുവല്ലയിൽ ഇരിങ്ങോലിലാണ് വിഷ്ണുനാരായണൻ നമ്പൂതിരി ജനിച്ചത്. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിങ്ങനെ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു.


'ഇന്ത്യയെന്ന വികാരം', 'ആരണ്യകം', 'അതിർത്തിയിലേക്ക് ഒരു യാത്ര', 'ഉജ്ജയിനിയിലെ രാപ്പകലുകൾ' 'മുഖമെവിടെ', 'ഭൂമിഗീതങ്ങൾ', 'പ്രണയഗീതങ്ങൾ', ' സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം', 'ചാരുലത' എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ. 'അസാഹിതീയം', 'കവിതകളുടെ ഡി.എൻ.എ.' എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്.


പത്മശ്രീ പുരസ്കാരം (2014), എഴുത്തച്ഛൻ പുരസ്കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്കാരം (1979), വയലാർ പുരസ്കാരം - (2010), വള്ളത്തോൾ പുരസ്കാരം - (2010), ഓടക്കുഴൽ അവാർഡ് - (1983), മാതൃഭൂമി സാഹിത്യപുരസ്കാരം (2010), പി സ്മാരക കവിതാ പുരസ്കാരം - (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി, മക്കൾ: അദിതി, അപർണ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K