26 February, 2021 08:20:20 PM


വിടപറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് ഐ.എഫ്.എഫ്.കെ ആദരാഞ്ജലികള്‍ അര്‍പ്പിക്കും



പാലക്കാട്: പോയ വര്‍ഷം ലോകത്തോട് വിടപറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് 25-ാമത് ഐ.എഫ്.എഫ്.കെ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. മണ്‍മറഞ്ഞ പ്രതിഭകള്‍ക്കുള്ള ആദരം ഐ.എഫ്.എഫ്.കെയുടെ പ്രത്യേക സമ്മേളനമായി നടത്തും. തുടര്‍ന്ന് ഇവരുടെ തെരഞ്ഞെടുത്ത സിനിമകളുടെ പ്രദര്‍ശനവും നടത്തും.


ലാറ്റിനമേരിക്കന്‍ ചലച്ചിത്രകാരനും മൂന്നാം സിനിമയുടെ വക്താവും പ്രയോക്താവും വിപ്ലവകാരിയുമായിരുന്ന ഫെര്‍ണാണ്ടോ സൊളാനസ് (അര്‍ജന്റീന) കഴിഞ്ഞ വര്‍ഷമാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. 2019 ല്‍ ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സൊളാനസിനായിരുന്നു സമ്മാനിച്ചത്. അവാര്‍ഡ് സ്വീകരിക്കാനായി അദ്ദേഹം തിരുവനന്തപുരത്തെത്തിയിരുന്നു. തീച്ചൂളകളുടെ മുഹൂര്‍ത്തം എന്ന സ്‌ഫോടനാത്മകമായ ഒരൊറ്റ സിനിമ കൊണ്ട്  ചലച്ചിത്രാസ്വാദകരുടെയും വിപ്ലവകാരികളുടെയും മനസ്സില്‍ സ്ഥാനം പിടിച്ച മഹാനായ ചലച്ചിത്രകാരനാണ് സൊളാനസ്.


ഐ.എഫ്.എഫ്.കെയുടെ ജനപ്രിയ സംവിധായകന്‍ കിം കി ഡുക്കും(ദക്ഷിണ കൊറിയ) ഈ വര്‍ഷമാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിംഗ് പോലുള്ള സിനിമകളിലൂടെ കിം കി ഡുക്ക് ലോകത്തിനു മുമ്പില്‍ തീരാവിസ്മയമായി. ബെര്‍ലിനും കാനിലും വെനീസിലും  പുരസ്‌കാരങ്ങള്‍ ലഭിച്ച കിം കി ഡുക്കിന്റെ വിയോഗം ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്.


സത്യജിത് റായിയുടെ അപരസ്വത്വമെന്നറിയപ്പെട്ടിരുന്ന പ്രമുഖ ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയും കോവിഡ് ബാധിച്ച് സിനിമാ ലോകത്തെ വിട്ടു പോയത് കഴിഞ്ഞ വര്‍ഷമാണ്. അപുര്‍സന്‍സാര്‍, ചാരുലത തുടങ്ങിയ ചിത്രങ്ങളില്‍ മികവ് തെളിയിച്ച സൗമിത്ര റായിയുടെ മാത്രമല്ല, മൃണാള്‍ സെന്നിന്റെയും തപന്‍ സിഹ്നയുടെയുമെല്ലാം പ്രിയ നടനായിരുന്നു. പുരോഗമന നിലപാടുകള്‍ മുഴുവന്‍ കാലവും ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം കവിയും പത്രാധിപരും ഗ്രന്ഥകാരനുമായിരുന്നു.


പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ഈ വര്‍ഷം നിര്യാതനായി. നിര്‍മ്മാല്യം, സ്വപ്നാടനം, ഒരു വടക്കന്‍ വീരഗാഥ, അടക്കം നിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള രാമചന്ദ്രബാബുവിന്റെ സംഭാവന അതുല്യമാണ്.
സ്വപ്നങ്ങളുടെ ചിറകിലേറി സിനിമകളിലൂടെ സഞ്ചരിച്ച ഷാനവാസ് നരണിപ്പുഴ തീരെ ചെറുപ്പത്തില്‍ നമ്മെ വിട്ടു പോയി. കരി എന്ന ആദ്യ സിനിമയിലൂടെ കേരളത്തെ വരിഞ്ഞു മുറുക്കുന്ന ജാതിവ്യവസ്ഥയ്‌ക്കെതിരായ രൂക്ഷമായ പരിഹാസം അദ്ദേഹം ഉയര്‍ത്തി. സൂഫിയും സുജാതയും എന്ന മലയാളത്തിലെ ആദ്യ ഒ.ടി.ടി റിലീസ് ചിത്രവും ഷാനവാസിന്റേതാണ്.


ജനപ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ അകാലവിയോഗവും ഇക്കാലയളവിലുണ്ടായി. അനാര്‍ക്കലി, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകള്‍ ജനങ്ങളേറ്റെടുത്ത ചിത്രങ്ങളാണ്. പ്രമുഖ ഹിന്ദി നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഈ വര്‍ഷമാണ് നിര്യാതനായത്. സലാം ബോംബെ, ഹാസില്‍, മഖ്ബൂല്‍, പാന്‍ സിംഗ് തൊമാര്‍, ലഞ്ച് ബോക്‌സ്, ഹൈദര്‍, പിക്കു തുടങ്ങി ബോളിവുഡിലെ നിരവധി സിനിമകളില്‍ അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇര്‍ഫാന്‍ ഹോളിവുഡിലും അന്താരാഷ്ട്ര സിനിമയിലും നിരന്തര സാന്നിധ്യമായിരുന്നു. ലൈഫ് ഓഫ് പൈ, ജൂറാസിക് വേള്‍ഡ്, ഇന്റഫെര്‍ണോ, സ്ലംഡോഗ് മില്യണയര്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര സിനിമകളില്‍ പ്രധാന വേഷങ്ങളവതരിപ്പിച്ചു.


ഗാന്ധി എന്ന സിനിമയിലൂടെ വസ്ത്ര സംവിധാനത്തിന് ഓസ്‌കാര്‍ നേടിയ ഭാനു അത്തയ്യയും ഈ വര്‍ഷമാണ് അന്തരിച്ചത്. ബോബി അടക്കമുള്ള ഹിറ്റുകളിലൂടെ ഹിന്ദി സിനിമയിലെ ചോക്ലേറ്റ് നിത്യഹരിത നായകത്വം കൈവരിച്ച റിഷി കപൂര്‍, തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളിലൂടെ ലോകത്തെ കീഴടക്കിയ എസ്.പി ബാലസുബ്രഹ്മണ്യന്‍ അന്തരിച്ചതും ഈ വര്‍ഷമാണ്. അനില്‍ നെടുമങ്ങാട്, അനില്‍ പനച്ചൂരാന്‍, കെ.എസ് പ്രസന്നകുമാര്‍ തുടങ്ങി നിരവധി പ്രതിഭകള്‍ കടന്നുപോയതും ഈ വര്‍ഷമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K