01 March, 2021 02:42:12 PM


നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറ് മാസത്തേക്ക്കൂടി നീട്ടി; ഇനി നീട്ടില്ലെന്ന് സുപ്രീംകോടതി



ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറ് മാസത്തേക്ക്കൂടി നീട്ടണമെന്ന പ്രത്യേക വിചാരണ കോടതി ജ‌ഡ്‌ജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടി നല്‍കിയ കോടതി ഇനി സമയം നീട്ടി നല്‍കില്ലെന്നും അറിയിച്ചു.ഫെബ്രുവരി 16നാണ് കേസ് വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന് പ്രത്യേക വിചാരണ കോടതി ജഡ്‌ജി ഹണി.എം.വര്‍ഗീസ് സുപ്രീംകോടതിയ്ക്ക് ഹൈക്കോടതി രജിസ്‌റ്റാര്‍ മുഖേന കത്ത് നല്‍കിയത്.


കേസ് മാ‌റ്റുന്നതിനുള‌ള അപേക്ഷ ഇതുവരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ല. അതിനാല്‍ നി‌ര്‍ദ്ദേശിച്ച സമയത്ത് വിചാരണ തീരുക പ്രയാസമാണെന്ന് കത്തില്‍ പ്രത്യേക വിചാരണ കോടതി ജഡ്‌ജി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കേസില്‍ പബ്ളിക് ‌പ്രോസിക്യൂട്ടറായിരുന്ന എ.സുരേശന്‍ രാജിവച്ചിരുന്നു. തുടര്‍ന്ന് വി.എന്‍ അനില്‍കുമാറിനെ പബ്ളിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു.


2019 നവംബര്‍ 29ന് ആറ് മാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി മുന്‍പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ കൊവിഡ് വ്യാപന പശ്‌ചാത്തലത്തില്‍ വിചാരണാ നടപടികള്‍ നീണ്ടുപോയി. തുടര്‍ന്ന് ആറ് മാസം കൂടി സമയം കോടതി അനുവദിച്ചു. ഫെബ്രുവരി ആദ്യവാരത്തില്‍ ഈ സമയവും അവസാനിച്ചതോടെയാണ് കൂടുതല്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിചാരണ ജഡ്‌ജി സുപ്രീംകോടതിയില്‍ കത്ത് നല്‍കിയത്. തുടര്‍ന്ന് സുപ്രീംകോടതി ആറ് മാസത്തേക്ക് കൂടി സമയം നീട്ടി അനുവദിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K