25 May, 2016 12:42:12 AM


കാണാൻ പോകുന്ന പൂരം ഇതുവരെ കാണാത്തതാകാം.



ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തു തെളിയിച്ചുകൊണ്ട്‌ കേരളത്തിലുൾപ്പെടെ നടന്ന തെരഞ്ഞെടുപ്പു പ്രക്രിയ ഏതാണ്ട് സുരക്ഷിതമായി പൂർത്തിയായിരിക്കുന്നു. ഭാരതത്തിലെ പ്രമുഖ കക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ പതനം അതിന്റെ ജീർണ്ണിച്ച രാഷ്ട്രീയ ചുറ്റുപാടുകൾ കൊണ്ട് സ്വാഭാവികമായി പരിണമിക്കുന്ന കാഴ്ച വളരെ ദയനീയമായി അനുഭവപ്പെട്ടു.

നീണ്ട 15 കൊല്ലത്തിനു ശേഷം അസ്സമിൽ ബി ജെ പി സഖ്യകക്ഷിയായ എ ജി പി ക്കൊപ്പം ഭരണം പിടിച്ചെടുത്തു. അതോടെ കോണ്ഗ്രസിന് ഭരണമുണ്ടായിരുന്ന സംസ്ഥാനങ്ങളുടെ എണ്ണം ചുരുങ്ങി. 

മൂന്നു പതിറ്റാണ്ടിലേറെ ഭരിച്ച ഇടതുമുന്നണിയെ നിഷ്പ്രഭമാക്കി ബംഗാൾ ഭരിച്ചിരുന്ന തൃണമൂൽ കോൺഗ്രസ്സിനു കൂടുതൽ സീറ്റുകളോടെ തുടർഭരണം ലഭിച്ചു. അവിടെ ഇടതുമുന്നണി അവശിഷ്ട കോൺഗ്രസ്സുമായി കൈകോർത്തപ്പോൾ നേരിയ നേട്ടമുണ്ടായത്  കോൺഗ്രസിനാണ്. സി പി എമ്മിന് നഷ്ടവും. പൂജ്യത്തിൽ നിന്ന് നാല് സീറ്റ് ബി ജെ പി നേടി !ഇടതുമുന്നണിയുടെ 'കിരാത ഭരണ'ത്തിനു എതിരായാണ് തൃണമൂൽ അധികാരത്തിൽ ഒരിക്കൽ വന്നതെങ്കിൽ പിന്നീട് അവരുടെ 'കിരാത ഭരണ'ത്തിനു എതിരായി ജനങ്ങള് വിധി എഴുതിയില്ല എന്ന കാര്യം ശ്രദ്ധേയമാണ്. ഒരുപക്ഷെ തൃണമൂൽ 'കിരാത ഭരണ൦' താരതമ്യേന നല്ലതായിരുന്നിരിക്കണം !

തെരഞ്ഞെടുപ്പിനു ശേഷം കേരളത്തിലെ നേതൃത്വത്തിനു മുന്നില് കരയുന്ന മഹിളാ കോൺഗ്രസ്സുകാർ സത്യത്തിൽ മമതാ ബാനർജിയെ കണ്ടു പഠിക്കേണ്ടതാണ്. അവരെ അന്ന് ബംഗാളിൽ സംസ്ഥാന പ്രസിഡന്റ്‌ ആക്കാൻ വിസമ്മതിച്ച സോണിയയും അത് മനസ്സിലാക്കേണ്ടതുണ്ട്. കോൺഗ്രസ്സിലെ തലമുതിർന്ന നേതാവല്ലായിരുന്ന മമത ഇപ്പോൾ കോൺഗ്രസ്സ്, ഇടതുമുന്നണി, ബി ജെ പി എന്നീ പാർടികൾക്കെതിരെ ഒറ്റയ്ക്ക് നിന്ന് പോരാടി വിജയം വരിച്ചിരിക്കുന്നു. ഇത് നിസ്സാര സംഭവമൊന്നുമല്ല. ഒരു പക്ഷെ തിരികെ വിളിച്ചാൽ, തകർന്നു തരിപ്പണമായിക്കിടക്കുന്ന കോൺഗ്രസ്സിനെ രക്ഷിക്കാൻ മമതക്ക് കഴിഞ്ഞേക്കും!

'അഴിമതിയുടെ ആൾരൂപം' എന്നൊക്കെ വിശേഷിപ്പിച്ചു വരുന്ന ജയലളിതയും സീറ്റുകളുടെ എണ്ണത്തിൽ കുറവോടെയാണെങ്കിലും ഭരണത്തുടർച്ച നേടിയിരിക്കുന്നു. കരുണാനിധിയുടെ വാർദ്ധക്യവും ത്രികോണ, ചതുഷ്കോണ മത്സരങ്ങളുമൊക്കെ ജയലളിതയുടെ വിജയത്തിന് കാരണമാകാം. കോൺഗ്രസ്സിനു ആകെ സന്തോഷിക്കാവുന്നത് പുതുച്ചേരിയിൽ മാത്രം. അവിടെ ഡി എം കെയുമായി ചേർന്നു ഭരിക്കാനാവും. ഭരണ വിരുദ്ധ വികാരമാണ് അതിനു കാരണമായത്.

കേരളത്തിൽ എൽ ഡി എഫിന് അഭിമാനകരമായ വിജയമാണ് കിട്ടിയത്. ഇടതു മുന്നണിയിലെ ഒരുമ പ്രകടമായിരുന്നു. വി എസ് അച്ചുതാനന്ദൻ ഈ വിജയത്തിന്റെ ശിൽപ്പികളിൽ ഒരാളാണ്. 'അഴിമതിക്ക് അംഗീകാരം കൊടുക്കുന്നതാകരുത് ' തുടർഭരണം എന്ന ജനങ്ങളുടെ ചിന്തയും പലേടത്തും എൻ ഡി എ മുന്നണിയുടെ ശക്തമായ സാന്നിധ്യവും എൽ ഡി എഫ് വിജയത്തിന് കളമൊരുക്കിയിട്ടുണ്ടെന്നു പറയാതെ വയ്യ.

ഇക്കുറി ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. അത് കാണാതെ പോകരുത്. എൽ ഡി എഫ് മുന്നണിയുടെ മതേതരമുഖത്തിന്‌ കോട്ടം തട്ടുമായിരുന്ന ഐ എൻ എൽ, ജനാധിപത്യ കേരളാ കോണ്ഗ്രസ് എന്നിവയെ ഒഴിവാക്കിക്കൊണ്ടാണ്  ജനങ്ങൾ എൽ ഡി എഫിനെ വിജയിപ്പിച്ചിരിക്കുന്നത്. 'നിങ്ങളുടെ മുഖത്തെ കറ നിങ്ങൾ  തുടച്ചു കളയില്ലെങ്കിൽ ഞങ്ങൾ അത് കളഞ്ഞേ നിങ്ങളെ സ്വീകരിക്കൂ'  എന്ന് പ്രഖ്യാപിക്കുന്നതുപോലെ തോന്നിപ്പിച്ചു.

മണ്ഡലത്തിനു പ്രിയങ്കരനായ പി സി ജോർജ്ജിനെ ചതുഷ്കോണ മത്സരത്തിൽ ജയിപ്പിച്ചതും 'താമര വിരിയില്ല' എന്ന ചൊല്ലിനു അന്ത്യം കുറിച്ചതും ജനവിധിയുടെ സവിശേഷതയാണ്. അതുപോലെ എടുത്തു പറയേണ്ടതാണ് മുഖ്യമന്ത്രി ആരെന്ന തീരുമാനം. ഒരു തർക്കവും മുഷിച്ചിലും ഇല്ലാതെ വളരെ ഭദ്രമായ തീരുമാനമുണ്ടായി. മന്ത്രിമാരുടെ എണ്ണം കുറച്ചത്, പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് നിയന്ത്രണമുണ്ടാകുന്നതുമൊക്കെ നല്ല കാര്യങ്ങൾ . 

പരുക്കനെന്ന് ചീത്തപ്പേരുള്ള  പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ നേരിട്ട് കണ്ടതും എ കെ ആന്റണിയെ ഫോണിൽ വിളിച്ചതും പ്രധാന മന്ത്രിയെ നേരിട്ട് കാണുമെന്നു പറഞ്ഞതും ഒക്കെ സ്വാഗതാർഹമായ സംഗതികൾ തന്നെ. ബി ജെ പി യുടെ ഏക എം എൽ എ ഓ.രാജഗോപാൽ  എ കെ ജി സെന്ററിൽ ചെന്നു പിണറായിയെ ആശംസിച്ചതും മാതൃകാപരമാണ്. കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ് പിണറായിയെ വിളിച്ചതും മുഖ്യമന്ത്രിയെ തീരുമാനിക്കും മുൻപേ പ്രധാനമന്ത്രി നരേന്ദ്രമോദി വി എസ്സിനെ വിളിച്ചു ആശംസിച്ചതും  ജനങ്ങൾക്ക്‌ ആനന്ദവും കൌതുകവും ഉണ്ടാക്കുന്ന കാര്യങ്ങൾ ആയിരുന്നു.

പിണറായിയെ കുറിച്ച് സമൂഹത്തിൽ പരന്നിരുന്ന പല അഭ്യൂഹങ്ങളും അടിസ്ഥാനമില്ലാത്തതാണെന്ന് ഒരു പക്ഷെ ജനങ്ങൾ മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ. പിണറായിയുടെ മന്ത്രിസഭാംഗങ്ങൾ, സ്പീക്കർ ഇവരൊക്കെ ഒരു ഭദ്രമായ സൽഭരണത്തിനു മുതൽക്കൂട്ടാണ്. വിദ്യാഭ്യാസം പ്രൊ.രവീന്ദ്ര നാഥ്  മികച്ച തരത്തിൽ കയ്യാളുമെന്നു സംശയം വേണ്ട. തോമസ്‌ ഐസക്കിന്റെ ധനമന്ത്രിത്തം, അഴിമതിയുടെ ശത്രുവായ ജി സുധാകരന്റെ പൊതുമരാമത്ത് പാലനം ഒക്കെ സ്വാഗതം ചെയ്യാതിരിക്കാൻ ആവാത്തതാണ്..

നമ്മുടെ ഗവർണർ പി സദാശിവത്തിന്റെ മാതൃകാപരമായ ഒരു പ്രവൃത്തികൂടി ഇവിടെ എടുത്ത് പറയേണ്ടതുണ്ട്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സമ്മതിദാനാവകാശം കേരളത്തിൽ തിരുവനന്തപുരത്തേക്ക് മാറ്റിയതും  ഒരു സാധാരണ പൗരനെപ്പോലെ ക്യൂവിൽ നിന്നു വോട്ടു ചെയ്തതും. നാൽപ്പതു വർഷമായി ഇരിക്കൂരിലും മറ്റും നിന്നു മത്സരിക്കുന്ന കെ സി ജോസഫിന് വോട്ട് ഇപ്പോഴും കോട്ടയത്താണെന്നോർക്കണം ; അതുപോലെ പലരുടെയും !


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K