15 April, 2021 07:25:54 PM


തിരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ 17ന് മുന്‍പ് കോവിഡ് ടെസ്റ്റ് നടത്തണം



പാലക്കാട്: ജില്ലയില്‍ കോവിഡ്  രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി 2021 നിയമസഭ തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന റവന്യൂ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും രോഗലക്ഷണം ഉള്ള എല്ലാ ഉദ്യോഗസ്ഥരും ഏപ്രില്‍ 17 ന് മുന്‍പായി കോവിഡ് ടെസ്റ്റിന്(ആര്‍.ടി.പി.സി.ആര്‍) വിധേയരാകണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. ജില്ലാ പോലീസ് മേധാവി, ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.


വിവിധ വകുപ്പുകളില്‍ നിന്നും തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ കോവിഡ് ടെസ്റ്റിന്  വിധേയരായിട്ടുണ്ടെന്ന്  വകുപ്പ് മേധാവികളും ഓഫീസ് മേലധികാരികളും  ഉറപ്പാക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍, ഏജന്റുമാര്‍ എന്നിവര്‍ ടെസ്റ്റിന് വിധേയരാകാന്‍  ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാരും തഹസില്‍ദാര്‍മാരും നിര്‍ദേശം നല്‍കുകയും ടെസ്റ്റ് നടത്തിയതായി ഉറപ്പു വരുത്തുകയും ചെയ്യണം. വെബ് കാസ്റ്റിംഗില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ടെസ്റ്റ് നടത്തിയതായി അക്ഷയ കേന്ദ്രം ജില്ലാ കോഡിനേറ്റര്‍ ഉറപ്പുവരുത്തേണ്ടതാണ്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ടെസ്റ്റിന് വിധേയരായതായി നഗരസഭ /പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.


 ജില്ലയിലെ പരിശോധന കേന്ദ്രങ്ങള്‍ ഇപ്രകാരം


1. പാലക്കാട് ചെറിയ കോട്ടമൈതാനം
2. ആലത്തൂര്‍ താലൂക്ക് ആശുപത്രി
3. കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം
4. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
5. ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം
6. കഞ്ചിക്കോട് കിന്‍ഫ്ര സി.എഫ്.എല്‍.ടി.സി
7. നന്ദിയോട് സാമൂഹികാരോഗ്യ കേന്ദ്രം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K