23 April, 2021 04:11:36 PM


വാളയാർ കേസ്: പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുത്ത് സിബിഐ; മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി



പാലക്കാട്:‌ വാളയാർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. സിബിഐ എസ്പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാർ അട്ടപ്പളത്തെ വീട്ടിലെത്തിയത്. കുട്ടികളുടെ മാതാപിതാക്കളുടെ പ്രാഥമിക മൊഴിയും സംഘം രേഖപ്പെടുത്തി. ഹൈക്കോടതി നിർദേശ പ്രകാരം കേസ് ഏറ്റെടുത്ത സിബിഐ സംഘം ഇതാദ്യമായാണ് വാളയാർ പെൺകുട്ടികളുടെ വീട്ടിലെത്തുന്നത്.


മാർച്ച് അവസാനം എഫ്‌ഐആർ പാലക്കാട് പോക്‌സോ കോടതിയിൽ സമർപ്പിക്കാൻ സിബിഐ സംഘം എത്തിയിരുന്നെങ്കിലും ധർമടത്തെ സ്ഥാനാർത്ഥിയായ പെൺകുട്ടികളുടെ അമ്മയെ കാണാൻ കഴിഞ്ഞിരുന്നില്ല. പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് സംഭവത്തെ കുറിച്ച് സംഘം വിശദമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് പെൺകുട്ടികൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡ്ഡിൽ പരിശോധന നടത്തി.


പെൺകുട്ടികളുടെ ഉയരവും തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉത്തരത്തിന്റെ പൊക്കവും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു. ഇക്കാര്യം വിശദമായി സിബിഐ സംഘം പരിശോധിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ നിന്ന് വിശദാംശങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് സംഘം വാളയാർ എത്തിയത്. കേസിലെ നാല് പ്രതികൾക്കെതിരെ രണ്ട് എഫ്‌ഐആർ ആണ് പാലക്കാട് പോക്‌സോ കോടതിയിൽ സിബിഐ സമർപ്പിച്ചിരിക്കുന്നത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, പോക്‌സോ വകുപ്പുകൾ എന്നിവ ചേർത്താണ് എഫ്‌ഐആർ. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് രക്ഷിതാക്കളുടെയും സമരസമിതിയും ആവശ്യം. വിശദാംശങ്ങൾ പരിശോധിച്ച ശേഷം വേണമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് സിബിഐ നീക്കം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K