30 April, 2021 05:31:16 PM


പാലക്കാട് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പോലീസിനെ സഹായിക്കാന്‍ അധ്യാപകര്‍



പാലക്കാട്: കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ 11 അതിര്‍ത്തി ചെക്പോസ്റ്റുകളിലും പോലീസിനെ സഹായിക്കുന്നതിനായി അധ്യാപകരെ നിയോഗിച്ചു. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചിരുന്നു. ആദ്യം വാളയാര്‍, വേലന്താവളം, ഗോപാലപുരം, ഗോവിന്ദാപുരം, ചെമ്മണാംപതി, മീനാക്ഷിപുരം, നടുപ്പുണി, എല്ലപെട്ടാന്‍കോവില്‍ എന്നീ എട്ട് ചെക്പോസ്റ്ററുകളിലേക്ക് നിയോഗിച്ച അധ്യാപകര്‍ ഏപ്രില്‍ 29 മുതല്‍ ഡ്യൂട്ടിക്കായി എത്തി.


ഇന്ന് മുതല്‍ ബാക്കിയുള്ള ഒഴലപ്പതി, മുള്ളി, ആനക്കട്ടി ചെക്പോസ്റ്റുകളിലും അധ്യാപകര്‍ ഡ്യൂട്ടിക്കായി എത്തിത്തുടങ്ങി.
ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരെയാണ് കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യാത്രാ വിവരങ്ങള്‍ പരിശോധിക്കുന്നതിനും രജിസ്റ്റര്‍ ചെയ്യാതെ വരുന്നവരെ സ്പോട്ട് രജിസ്ട്രേഷന്‍ ചെയ്യിപ്പിക്കുന്നതിനുമായി നിയമിച്ചിട്ടുള്ളത്. ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറ് വരെയാണ് അധ്യാപകരുടെ ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ മെയ് 13 വരെയാണ് അധ്യാപകര്‍ക്ക് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ ജോലി നിശ്ചയിച്ചിട്ടുള്ളത്.


ജില്ലയിലെ പ്രധാന അതിര്‍ത്തി ചെക്പോസ്റ്റായ വാളയാറില്‍ എലപ്പുള്ളി ജി.യു.പി.എസില്‍ നിന്നുള്ള പത്ത് അധ്യാപകര്‍, വേലന്താവളത്ത് അപ്പുപ്പിള്ളയാര്‍ എ.യു.പി.എസിലെ നാല് പേര്‍, ഗോപാലപുരത്ത് പന്നിപെരുന്തല സി.എ.എല്‍.പി.എസ്, ചിറ്റൂര്‍ ജി.വി.ജി.എച്ച്.എസ്, വണ്ണാമട ഭഗവതി ജി.എച്ച്.എച്ച്.എസ്, ചിറ്റൂര്‍ ജി.എച്ച്.എസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ അധ്യാപകരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ഗോവിന്ദാപുരത്ത് കൊല്ലങ്കോട് വൈ.എം.ജി.എച്ച്.എസ്, നെന്മാറ ജി.വി.എച്ച്.എസ് എന്നിവിടങ്ങളില്‍ നിന്നുള്ള നാല് പേര്‍, ചെമ്മണാംപതിയില്‍ കൊല്ലങ്കോട് വൈ.എം.ജി.എച്ച്.എസ്, ബി.എസ്.എസ്.എച്ച്.എസ്, പി.കെ.ഡി.യു.പി.എസ്, മുതലമട ജി.എച്ച്.എസ് എന്നീ സ്‌കൂളുകളില്‍ നിന്നായി ഓരോ അധ്യാപകരെ വീതവും മീനാക്ഷിപുരത്ത് നന്നിയോട് ജി.എച്ച്.എസില്‍ നിന്ന് നാലു പേര്‍ക്കുമാണ് ഡ്യൂട്ടി.


നടുപ്പുണിയില്‍ കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് എച്ച്.എസ്.എസില്‍ നിന്നുള്ള നാല് പേര്‍ക്കും എല്ലപെട്ടാന്‍കോവില്‍ ചെക്പോസ്റ്റില്‍ കൊഴിഞ്ഞാമ്പാറ ജി.യു.പി.എസ്, ആലംപള്ളം എ.യു.പി.എസ്, കൊഴിഞ്ഞാമ്പാറ സെന്റ്പോള്‍സ് എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ നിന്നുള്ള നാലു പേരുമാണ് ഡ്യൂട്ടത്തിക്കെത്തുക. ഒഴലപ്പതി ചെക്പോസ്റ്റില്‍ നല്ലേപ്പിള്ളി ജി.യു.പി.സ്‌കൂളിലെ നാല് അധ്യാപകരെയാണ് നിയമിച്ചിട്ടുള്ളത്. മുള്ളിയില്‍ മുക്കാലി എം.ആര്‍.എസ്, അഗളി ജി.എച്ച്.എസ്, കൂക്കംപാളയം ജി.യു.പി.എസ് എന്നീ മൂന്ന് സ്‌കൂളുകളില്‍ നിന്നായി നാല് പേരെയും ആനക്കട്ടിയില്‍ ഷോളയൂര്‍ ഗവ. ട്രൈബല്‍ എച്ച്. എസ്.എസ്, അഗളി ജി.എച്ച്.എസ്, കുലുക്കൂര്‍ ഗവ. ട്രൈബല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി നാല് അധ്യാപകരെയുമാണ് അതിര്‍ത്തികളില്‍ നിയോഗിച്ചിട്ടുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K