04 May, 2021 05:25:06 PM


ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് തടവ് ശിക്ഷ: തീരുമാനം പിന്‍വലിച്ച് ആസ്ത്രേലിയ



കാന്‍ബറ: ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് തടവ് ശിക്ഷ ഉത്തരവിട്ടുള്ള തീരുമാനം പിൻവലിച്ച് ആസ്ത്രേലിയ. പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ തീരുമാനം വംശീയമാണെന്നും, അദ്ദേഹത്തിന്റെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നെന്നുമുള്ള വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ആസ്ത്രേലിയയുടെ പിന്തിരിയല്‍.


കോവിഡ് രൂക്ഷമായി ഉയരുന്നതിനിടെയാണ് ഇന്ത്യയിൽ നിന്ന് യാത്രാവിലക്ക് ലംഘിച്ച് എത്തുന്നവർക്കെതിരെ കടുത്ത നടപടിയെക്കാൻ ആസ്ത്രേലിയയിലെ മോറിസ് സർക്കാർ തീരുമാനിച്ചത്. മെയ് 15 വരെ ഇന്ത്യയിൽ നിന്നും യാത്രാവിലക്കും ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ തങ്ങി ആസ്ത്രേലിയയിൽ എത്തുന്നവർക്ക് തടവ് ശിക്ഷ നൽകാനും തീരുമാനമായിരുന്നു. 


രണ്ടാഴ്ച്ച ഇന്ത്യയില്‍ തങ്ങിയ ശേഷം നിയമം മറികടന്ന് ആസ്‌ത്രേലിയയില്‍ എത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവോ 66,000 ആസ്‌ത്രേലിയന്‍ ഡോളര്‍ പിഴയോ (ഏകദേശം 38 ലക്ഷം രൂപ) നൽകാനായിരുന്നു തീരുമാനം. നേരിട്ടുള്ള വിമാനങ്ങള്‍ക്ക് പുറമെ, ഇന്ത്യയില്‍ നിന്ന് ദോഹ, സിംഗപൂര്‍, ക്വാല ലംപൂര്‍ എന്നിവടങ്ങളില്‍ നിന്നും ആസ്‌ത്രേലിയയിലേക്ക് വരുന്ന ഫ്‌ലൈറ്റുകള്‍ക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഐ.പി.എല്ലിൽ പങ്കെടുക്കാനെത്തിയ ആസ്ത്രേലിയൻ താരങ്ങൾ ഉൾപ്പടെ മത്സരം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ​ഗവൺമെന്റിന്റെ വിവാദ തീരുമാനം.


എല്ലാ പൗരൻമാരെയും സുരക്ഷിതരാക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്ന് മോറിസൺ പറഞ്ഞിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ കടുത്ത തീരുമാനത്തിനെതിരെ അണികളിൽ നിന്ന് പോലും വിമർശനം ഉയരുകയായിരുന്നു. എന്നാൽ ആസ്ത്രേലിയക്കാരുടെ സുരക്ഷയാണ് ലക്ഷ്യമെങ്കിൽ വിദേശത്ത് കുടുങ്ങിയ ആസ്ത്രേലിയക്കാരെ തിരിച്ച് വരാൻ അനുവദിക്കുകയാണ് വേണ്ടതെന്ന് വിമർശനം ഉയർന്നിരുന്നു. 9,000 ഓളം ആസ്ത്രേലിയക്കാർ ഇന്ത്യയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K