05 May, 2021 01:20:05 PM


മൂന്നാറില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം; ചീഫ് സെക്രട്ടറിക്ക് പരാതി



മൂന്നാര്‍: മൂന്നാറില്‍ നടന്ന സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവകയിലെ സഭാവൈദികരുടെ ധ്യാനത്തിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം നടത്തിയെന്നാണ് സഭ വിശ്വാസികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്ന് ഇടവക ദക്ഷിണ കേരള മഹായിടവക നേതൃത്വം പ്രസ്താവന ഇറക്കി.


ഏപ്രില്‍ 13 മുതല്‍ 17 വരെയായിരുന്നു മൂന്നാര്‍ സിഎസ്‌ഐ പള്ളിയില്‍ 480 വൈദികരെ ഉള്‍പ്പെടുത്തി ധ്യാനം നടത്തിയത്. ഇടവക ദക്ഷിണ കേരള മഹായിടവക സഭാധ്യക്ഷന്‍ ധര്‍മ്മരാജ് രസാലത്തിന്റെ നേതൃത്വത്തിലായിരുന്നു ധ്യാനം. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത രണ്ടു വൈദികര്‍ കൊവിഡ് ബാധിച്ചു മരിച്ചു. 80 വൈദികര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ബാക്കിയുള്ളവര്‍ നീരിക്ഷണത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് സഭയിലെ തന്നെ ഒരു വിഭാഗം വിശ്വാസികള്‍ വൈദികരുടെ ധ്യാനത്തിനെതിരെ പരാതിയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചത്.


വൈദികരുടെ എതിര്‍പ്പ് മറികടന്നാണ് സഭ നേതൃത്വം കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കെ ഇത്തരമൊരു ധ്യാനം നടത്തിയത് എന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. ധ്യാനത്തിന് ശേഷം ഇടവകയില്‍ എത്തിയ വൈദികര്‍ വിശ്വാസികളുമായി ഇടപഴകിയാതയും പരാതില്‍ പറയുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു ധ്യാനം നടത്തിയ സഭാനേതൃത്വത്തിനെതിരെ കേസ് എടുക്കണമെന്നാണ് സഭയിലെ ഒരു വിഭാഗം വിശ്വാസികളുടെ ആവശ്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K