31 May, 2016 06:57:04 PM


സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും



തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷാ അഭിയാനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം നാളെ തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും.

രാവിലെ 9.30 ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുതി-ദേവസ്വം വകുപ്പുമന്ത്രി കടകംപളളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും, ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എമാര്‍, എല്‍.എസ്.ജി ഭരണ സമിതിയംഗങ്ങള്‍, വകുപ്പുദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. 

ഇത്തവണത്തെ പ്രവേശനോത്സവഗാനം പാടിയിരിക്കുന്നത് പിന്നണിഗായകന്‍ പി. ജയചന്ദ്രനാണ്. സര്‍വശിക്ഷാ അഭിയാന്‍ മീഡിയാ വിഭാഗം നിര്‍മ്മിച്ച ഗാനം മുതിര്‍ന്ന കുട്ടികള്‍ ആലപിച്ച് കുരുന്നുകളെ വരവേല്‍ക്കും. ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും ഉണ്ടായിരിക്കും. സ്‌കൂള്‍ പ്രവേശനോത്സവം സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി /എയിഡഡ് വിദ്യാലയങ്ങളിലും പഞ്ചായത്ത് -ബ്ലോക്ക്-ജില്ലാതലങ്ങളിലും സംഘടിപ്പിക്കും. 

സര്‍വശിക്ഷാ അഭിയാന്റെ കമ്മ്യൂണിറ്റി മൊബിലൈസേഷന്‍ മേഖലയിലെ ഫണ്ടുപയോഗിച്ചാണ് സംസ്ഥാനത്തെയാകെയുള്ള വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. മുതിര്‍ന്ന കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും ജനപ്രതിനിധികളും ചേര്‍ന്ന് ഒന്നാം ക്ലാസിലെ കുരുന്നുകളെ മധുരം നല്‍കിയും പാട്ടു പാടിയും ബലൂണ്‍ നല്‍കിയും അക്ഷരകിരീടം  അണിയിച്ചും വരവേല്ക്കും.  

1 മുതല്‍ 8 വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം, സൗജന്യ പാഠപുസ്തകം, സ്‌കൂളുകള്‍ക്കുള്ള മെയിന്റനന്‍സ് ഗ്രാന്റ്, സ്‌കൂള്‍ ഗ്രാന്റ്, നവാഗതര്‍ക്കുള്ള പ്രവേശന കിറ്റ് തുടങ്ങിയവയുടെ വിതരണോദ്ഘാടനവും ചടങ്ങിന്റെ ഭാഗമായി നടക്കുമെന്ന് സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ ജെ.സി. ജോസഫ്, സിപിഒ എം. രാജേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K