13 May, 2021 01:03:46 PM


ചെറിയ പെരുന്നാൾ ദിനത്തിൽ 2500 പേർക്ക് ഭക്ഷണം നൽകി അനന്തപുരിയിലെ മാധ്യമപ്രവർത്തകർ



തിരുവനന്തപുരം: ചെറിയ പെരുന്നാൾ ദിനത്തിൽ വിശക്കുന്നവർക്ക്‌ സദ്യയൊരുക്കി അനന്തപുരിയിലെ മാധ്യമപ്രവർത്തകർ മാതൃകയായി. സംസ്ഥാനത്ത് ലോക്ക് ഡൌൺ തുടങ്ങിയ നാളിൽ തിരുവനന്തപുരം പ്രസ് ക്ലബിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചണിൽ നിന്ന് 2500 പേർക്കാണ്  പായസവും കൂട്ടിയുള്ള ഭക്ഷണം ഇന്ന് നൽകിയത്. ചെറിയ പെരുന്നാൾ ദിനമായ ഇന്ന് പതിവിലും വിപരീതമായി പ്രത്യേക ഭക്ഷണം തയ്യാറാക്കി നൽകാൻ ക്ലബ്‌ അംഗങ്ങൾ തീരുമാനിക്കുകയായിരുന്നു.  


ലോക്‌ഡൗൺ ആരംഭിച്ച നാൾ മുതൽ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും ഭക്ഷണം വാങ്ങാൻ നൂറുകണക്കിനാളുകൾ ദിവസേന പ്രസ്സ് ക്ലബ്ബിൽ എത്തികൊണ്ടിരിക്കുന്നു. നഗരത്തിലെ സെക്യൂരിറ്റി ജീവനക്കാരും സെക്രട്ടേറിയറ്റ്, പൊലീസ്, ഫയർഫോഴ്സ്, കെഎസ്ഈബി, കെഎസ്ആർടിസി, ഫോറസ്റ്റ് വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരും ഇവരിൽ ഉൾപ്പെടുന്നു. കരിമഠം കോളനിയിൽ മഴക്കെടുതി കാരണം ദുരിതത്തിലായവർക്ക് കൗൺസിലർ ആവശ്യപ്പെട്ട പ്രകാരം ഭക്ഷണം എത്തിച്ചു.



കോവിഡ് ബാധിത പ്രദേശങ്ങളിലേക്ക് മൊത്തമായി വിതരണവും നടക്കുന്നു. നഗരസഭാ വാർഡുകളിലേക്ക് 25, 40,  50, 100, 150 എന്ന കണക്കിൽ പതിമൂന്ന് കൗൺസിലർമാർക്ക് ഭക്ഷണം നൽകി. കൗൺസിലർമാർ ക്വാറന്റിനിലുള്ളവരുടെ വീടുകളിലാണ് ഭക്ഷണം നൽകുന്നത്. ആരോടും 'നോ' പറയേണ്ടിവന്നില്ല ഇതുവരെ. മാധ്യമപ്രവർത്തകരായ ഇരുനൂറോളം പേർക്ക് ഭക്ഷണം നൽകി. എൽ ഡി എഫ് കൺവീനർ എ. വിജയരാഘവൻ ഇന്ന് കമ്യൂണിറ്റി കിച്ചൺ സന്ദർശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K