01 June, 2016 11:55:01 PM


മാറി മാറി സര്‍ക്കാരുകള്‍ വരുമ്പോള്‍ ഉദ്യോഗസ്ഥരും മാറണമോ?



പുതിയ മന്ത്രിസഭ അധികാരത്തില്‍ വരുമ്പോള്‍ നിലവിലുള്ള ഉദ്യോഗസ്ഥാനുദ്യോഗസ്ഥരെ മാറ്റി പുതിയവരെ നിയമിക്കുന്നതു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും സാധാരണയാണ്. കേരളത്തില്‍ പുതിയ മന്ത്രിസഭ വരികയും നിലവിലുള്ള ഡി ജിപിയെയും വിജിലെന്‍സ് ഡയറക്ടറെയും മാറ്റുകയും ചെയ്തത് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.


ഡി ജി പി സെന്‍കുമാറിനു പകരം ലോകനാഥ് ബഹറയെയും വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്ക് പകരം ജേക്കബ് തോമസിനെയും  നിയമിച്ചു.  സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണിതെന്നു സ്ഥാനമൊഴിയുന്ന ഡി ജിപി പറയുന്നു.പ്രതിപക്ഷ കക്ഷികള്‍ പിന്താങ്ങുന്നു. ഒരാളെ ഒരു സ്ഥാനത്തു നിയമിച്ചാല്‍ കുറഞ്ഞത്‌ രണ്ടു വര്‍ഷം കഴിയാതെ മാറ്റരുതെന്ന ചട്ടമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്‌. കോടതിയുടെ വിധിയും ഈ ചട്ടത്തിന് അടിവരയിടുന്നു.നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് മുന്‍ ഡി ജി പി നല്‍കുന്ന  സൂചന.


മുന്‍ സര്‍ക്കാരിന്റെ  കാലത്ത് ക്രമസമാധാനനില തകര്‍ന്നു എന്നു തെരഞ്ഞെടുപ്പുവേളയില്‍ പ്രചാരം നടത്തിയ മുന്നണിയെന്ന നിലയ്ക്ക് അന്നു ക്രമസമാധാനചുമതല നിര്‍വഹിച്ചിരുന്ന ആളെ മാറ്റാന്‍ ജനങ്ങള്‍ നല്‍കിയ വിധിയെഴുത്ത് ഒന്ന് മതി എന്നാണ്  ഭരണകക്ഷിയില്‍പ്പെട്ടവര്‍ വാദിക്കുന്നത്.


ചുമതലയില്‍ വീഴ്ച വരുത്തിയ  ആളിനെ മാറ്റുന്നതില്‍ എന്താണ് തകരാറ്?  പ്രധാനമായും  ചൂണ്ടിക്കാട്ടുന്നത് പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ജിഷാ കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ടു ശക്തമായ  ആരോപണങ്ങള്‍ ഉണ്ടായിട്ടും ഒരു പോലീസ് ഓഫീസറെപോലും മാറ്റാന്‍  അന്നത്തെ ഡി ജി പി കൂട്ടാക്കിയില്ല എന്നാണ്.അതില്‍ വാസ്തവമുണ്ട് താനും!


മുന്നണിയുടെ വാഗ്ദാനങ്ങള്‍ മന്ത്രിസഭയ്ക്ക് സുഗമമായി നടപ്പാക്കാന്‍ തങ്ങള്‍ക്കു വിധേയരായ ജീവനക്കാരെ നിയമിക്കുന്നതില്‍ തെറ്റില്ല എന്നു ചുരുക്കം. 


ഇപ്പോള്‍ വിജിലെന്‍സ് ഡയറക്ടറായി നിയമിക്കപ്പെട്ട ജേക്കബ് തോമസ്‌ കഴിഞ്ഞ മന്ത്രിസഭയുടെ കണ്ണിലെ കരടായിരുന്നു എന്നത് രഹസ്യമല്ല.പാറ്റൂര്‍ അഴിമതി, ബാര്‍ കോഴ  എന്നീ വിഷയങ്ങള്‍ ജേക്കബ് തോമസ്‌ വൈരനിര്യാതനബുദ്ധിയോടെ കൈകാര്യം ചെയ്യുമോ എന്ന ആശങ്ക ഇപ്പോഴത്തെ പ്രതിപക്ഷത്തിനുണ്ടാകാം.


എന്നാല്‍, ജനങ്ങള്‍ക്ക്‌  ഇതിലൊന്നും കാര്യമില്ല, എന്തായാലും, ആരു തലപ്പത്തിരുന്നാലും നല്ല ഭരണം കിട്ടിയാല്‍ മതി എന്നൊക്കെ പറയുന്നതില്‍ ഒരു കഥയുമില്ല. മാറി മാറി വരുന്ന ഭരണത്തിനൊപ്പം  മാറിമാറി വരുന്ന ഉദ്യോഗസ്ഥരെ കാണുമ്പോള്‍ ഒരു കാര്യം നമുക്ക് തോന്നും..ഇന്നാട്ടിലെ ഉദ്യോഗസ്ഥര്‍  രണ്ടു വിഭാഗമാണ്‌. ഒന്ന്, യു ഡി എഫ്  അനുകൂല വിഭാഗം മറ്റൊന്ന്  എല്‍ ഡി എഫ്  അനുകൂല വിഭാഗവും..നിഷ്പക്ഷരായി സേവനം നല്‍കേണ്ട ഉദ്യോഗസ്ഥാ 
നുദ്യോഗസ്ഥരല്ല; ഇരുമുന്നണികളുടെയും സേവകരാണ് ഇവരെന്ന് ജനങ്ങള്‍ക്ക്‌ മനസ്സിലാകുകയാണ്. 


നിഷ്പക്ഷമായ സേവനം പ്രതീക്ഷിക്കുന്ന ജനങ്ങള്‍ക്ക്‌ ആശങ്കയുണ്ടാക്കുന്നതാണിത്.വാസ്തവത്തില്‍  ഇത് വലിയൊരു കാര്യമാണ്.ഒരു ജനാധിപത്യരാജ്യത്ത്  അനുവദിച്ചുകൂടാന്‍/സംഭവിച്ചു കൂടാന്‍  പാടില്ലാത്തത്.. 


ഇതിനു ഒരു മറുവശവുമുണ്ട്.ഏതു ഉദ്യോഗസ്ഥനായാലും അവരെക്കൊണ്ടു പണിയെടുപ്പിക്കാനല്ലേ ഭരണക്കാര്‍ ശ്രമിക്കേണ്ടത്? കഴിഞ്ഞ സര്‍ക്കാരിന്റെ മുഖ്യമന്ത്രി വില്ലേജ് ഓഫീസറുടെ പണിവരെ ചെയ്യുന്നത് നമ്മള്‍ കണ്ടതല്ലേ? ജോലിക്കാരെ  കൊണ്ട് പണിയെടുപ്പിക്കുയാണ് വേണ്ടത്.അല്ലാതെ  അവരുടെ ജോലിയുംകൂടി ചെയ്യുകയല്ല.


കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥരുടെ പ്രകടനം മോശമായിരുന്നെങ്കില്‍ അതിനു കാരണക്കാര്‍ അന്നത്തെ രാഷ്ട്രീയ ഭരണ നേതൃത്വമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം എല്ലാ ഉദ്യോഗസ്ഥരും കഴിവുള്ളവരാണ്.. അവരെ തെറ്റായി നിയന്ത്രിക്കാതിരുന്നാല്‍ മതി. 


പിണറായി വിജയന്‍ നല്ല ഇച്ഛാശക്തിയുള്ള  ആളാണെന്നാണല്ലോ കേള്‍വി.അങ്ങനെയെങ്കില്‍ സെന്‍കുമാറിനെയും ശങ്കര്‍റെഡ്ഡിയെയും കൊണ്ട് ജോലി ചെയ്യിപ്പിക്കാന്‍  ആവുമായിരുന്നല്ലോ. തന്നെയുമല്ല , ഇന്നോളം നടന്നു വന്നിരുന്ന തെറ്റായ രീതികളെ മാറ്റിയെന്ന ഖ്യാതിയും  ഈ സര്‍ക്കാരിനു ലഭിക്കുമായിരുന്നു; വിശേഷിച്ചു, കുട്ടികളെക്കൊണ്ട് താലപ്പൊലിയെടുപ്പിക്കല്‍ തുടങ്ങിയ തെറ്റായ രീതികള്‍ നിര്‍ത്തലാക്കിയ സര്‍ക്കാരിന്..


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K