23 May, 2021 11:04:52 PM


ശംഖുമുഖം ബീച്ചും വിമാനത്താവളത്തിലേക്കുള്ള റോഡും കടലെടുത്തു; മന്ത്രിമാര്‍ സ്ഥലം സന്ദർശിച്ചു




തിരുവനന്തപുരം: ശംഖുമുഖം കടൽതീരവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡും പൂർണമായും കടലെടുത്തു. പ്രശസ്തമായ ശംഖുമുഖം ബീച്ച് പൂർണമായും അപ്രത്യക്ഷമായി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മന്ത്രി ആന്റണി രാജുവും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
തകർന്ന റോഡ് അടിയന്തരമായി നന്നാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.


കടലാക്രമണം രണ്ട് ദിവസംകൊണ്ട് കുറയുമെന്ന് കരുതുന്നു. അതോടെ റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, കടലാക്രമണമുണ്ടായ സ്ഥലത്ത് കല്ലിട്ട് നികത്തി വേണം റോഡ് നിർമിക്കാൻ. കടലാക്രമണം തുടരുന്ന സാഹചര്യത്തിൽ അത് അതിവേഗം സാധ്യമാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ജൂൺ ആദ്യം മൺസൂൺ തുടങ്ങുന്നതോടെ കടൽ വീണ്ടും പ്രക്ഷുബ്ധമാകാനാണ് സാധ്യത. എന്നാൽ രണ്ട് ദിവസത്തിനകം നിർമാണ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് മന്ത്രി പ്രകടിപ്പിച്ചത്. അടുത്തിടെ കോടികൾ മുടക്കി സൗന്ദര്യവത്കരിച്ച ബീച്ചിലെ സ്ഥലങ്ങളും കടലെടുത്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K