24 May, 2021 02:10:15 PM


അഡ്മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങൾ: ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാകുന്നു



കവരത്തി: ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഭരണ പരിഷ്‌കാരങ്ങളാണ് ലക്ഷദ്വീപിൽ നിലവില പ്രതിഷേധത്തിന് കാരണം. പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്. 


അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മയുടെ മരണത്തോട് കൂടിയാണ് ലക്ഷദ്വീപിൽ സ്ഥിതിഗതികൾ വഷളാകുന്നത്. ദിനേശ്വർ ശർമ്മയ്ക്ക് പകരക്കാരനായി ദാദ്ര ആൻഡ് നാഗർ ഹവേലിയിലെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന പ്രഫുൽ കെ. പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ എന്ന അധിക ചുമതല കൂടി 2020 ഡിസംബർ അഞ്ചിന് കേന്ദ്രസർക്കാർ നൽകി. ഇതോടെയാണ് ലക്ഷദ്വീപിലെ സ്ഥിതിഗതികൾ മാറിയത്.


ഒരു വർഷമായി ദ്വീപിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. പ്രഫുൽ പട്ടേൽ, യാത്രക്കാർക്കുള്ള ക്വാറന്റൈനും കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞകതോടെ ലക്ഷദ്വീപിൽ കൊവിഡ് വ്യാപനം തീവ്രമായി. സർക്കാർ ഓഫീസുകളിലെ താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതും തീരസംരക്ഷണത്തിനെന്ന പേരിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുകളഞ്ഞതും വലിയ പ്രതിഷേധത്തിന് കാരണമായി.


2011ലെ നിയമ പ്രകാരം 50 മീറ്ററിനടുത്ത കോസ്റ്റൽ റെഗുലേറ്ററി സോണുകളിൽ നിർമ്മാണ പ്രവൃത്തികൾ നടത്താൻ പാടില്ല എന്നായിരുന്നു ഉത്തരവ്. പിന്നീടിത് 20 മീറ്ററാക്കി. പക്ഷേ മത്സ്യതൊഴിലാളികൾക്ക് ഉപജീവന മാർഗത്തിനാവശ്യമായ വലകളും മറ്റ് ഉപകരണങ്ങളും കടൽ തീരത്തിനടുത്ത് സൂക്ഷിക്കുന്നതിൽ പ്രശ്നമില്ലായിരുന്നു. പക്ഷേ ഇപ്പോൾ സർക്കാർ ഭൂമിയിലാണ് ഇതെല്ലാം ഉള്ളതെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ ഷെഡുകളുൾപ്പെടെ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊളിച്ചു കളയുകയാണ്.


പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകരുതെന്ന നിയമവും പാസാക്കാൻ ഒരുങ്ങുകയാണ് പട്ടേൽ. അംഗനവാടികൾ അടച്ചുപൂട്ടിയും മദ്യനിരോധനമുള്ള ദ്വീപിൽ മദ്യശാലകൾ തുറന്നെന്നും ആരോപണങ്ങളുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K