28 May, 2021 01:21:54 PM


അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി



തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഷാജുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 7.30 ഓടുകൂടിയാണ് പൂന്തുറക്ക് സമീപം കടലില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ ആറുമണിയോടു കൂടിയാണ് അഞ്ച് പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിനായി പോയത്. മുതലപ്പുഴക്ക് സമീപംവെച്ച് ശക്തമായ തിരയില്‍പ്പെട്ട് ഇവര്‍ സഞ്ചരിച്ച ബോട്ട് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന നാലുപേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഷാജുവിന് രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.


ഇന്നലെ രാവിലെ മുഴുവന്‍ ഇദ്ദേഹത്തിനായുള്ള തെരച്ചില്‍ ശക്തമാക്കിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം മുതലപ്പുഴ ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തെരച്ചില്‍ വൈകുന്നുവെന്നാരോപിച്ച് പ്രദേശത്ത് ഇന്നലെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K