14 June, 2021 05:53:09 PM


വന്‍ ട്രയിന്‍ദുരന്തം ഒഴിവായി; രക്ഷയായത് നഗരസഭാ കൗൺസിലറുടെ ഇടപെടൽ



വടകര : നഗരസഭാ കൗൺസിലറുടെ സമയോചിതമായ ഇടപെടൽ മൂലം വഴിമാറിയത് വൻ ദുരന്തം. ഞായറാഴ്ച്ച  രാത്രി 8.30ന് വടകര റെയില്‍വേ സ്റ്റേഷന്‍ സമീപപ്രദേശമായ പാലയാട്ട് നടയില്‍ റെയില്‍വെ പാളത്തിലേക്ക് തെങ്ങ് വീണത് ശ്രദ്ധയില്‍പ്പെട്ട വടകര നഗരസഭയിലെ ബി.ജെ.പി. കൗൺസിലർ പി. കെ. സിന്ധു റെയില്‍വേ സ്റ്റേഷനിലെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.


ഒട്ടു വൈകാതെ തന്നെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന വടകര പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. വടകര പോലീസ് ഉടനെ റെയില്‍വേ പോലീസുമായി ബന്ധപ്പെട്ട് വടകര സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ നിര്‍ത്താന്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഈ സമയം മാംഗളൂര്‍-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് സ്റ്റേഷനിൽ എത്തേണ്ട സമയം അടുത്തിരുന്നു.


അപകടം മനസ്സിലാക്കിയ സിന്ധു പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചതിനൊപ്പം സ്വന്തം നിലയിൽ സുരക്ഷ ഒരുക്കാനും മറന്നില്ല. തെങ്ങ് വീണ സംഭവസ്ഥലത്ത് പന്തം കത്തിച്ചും, ചുവന്ന തുണികള്‍ നാട്ടിയുമാണ്  സിന്ധു സുരക്ഷാ മുന്നറിയിപ്പ് നൽകിയത്. സിന്ധുവിനോടൊപ്പം നാട്ടുകാരും ചേര്‍ന്നതോടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാംഗളൂര്‍ - തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.


മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിനായി പോവുകയായിരുന്ന മാവേലി എക്സ്പ്രസ് ആണ് നഗരസഭാംഗത്തിന്‍റെ സമയോചിതമായ ഇടപെടല്‍ മൂലം ദുരന്തത്തില്‍ നിന്ന്  രക്ഷപെട്ടത്. ട്രെയിൻ യാത്ര തുടരുന്നത് ഒഴിവാക്കിയ സിന്ധു പീന്നിട് അഞ്ച് പ്രദേശവാസികളുമായി ചേര്‍ന്ന് റെയില്‍വേ പാളത്തില്‍ വീണ മരം മുറിച്ചു നീക്കി. രക്ഷാപ്രവർത്തനത്തിന് ശേഷം അരമണിക്കൂറിലേറെ വൈകിയാണ് മാവേലി എക്‌സ്പ്രസ് സർവ്വീസ് പുനരാരംഭിച്ചത്. സിന്ധുവിന്‍റെ ധീരമായ പ്രവർത്തനത്തെ റെയിവെ അഭിന്ദിച്ചു. അവസരോചിതമായി ഇടപെട്ട് ദുരന്തം ഒഴിവാക്കിയ സിന്ധുവിനെ വടകര റെയില്‍വേ പോലീസാണ് അഭിനന്ദനം അറിയിച്ചത്.


കാലവർഷം ശക്തി പ്രാപിച്ചതോടെ ഇവിടെ ശക്തമായ കാറ്റും ഇടയ്ക്കിടെ അനുഭവപ്പെടുന്നുണ്ട്. ഇന്നലെ ഉച്ചക്കു ശേഷം കോഴിക്കോട് ജില്ലയിൽ തുടങ്ങിയ കനത്ത മഴ രാത്രി വൈകിയും തുടർന്ന്. വടകര മേഖലയിലും ശക്തമായ മഴ ലഭിച്ചു. ഈ മഴയിലാണ് റെയിൽവെ പാളത്തിലേക്ക് തെങ്ങ് ഒടിഞ്ഞ് വീണത്. കാലവർഷം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ റെയിൽവെയും നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. വരും മണിക്കൂറിൽ വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്നും കാലവർഷം കൂടുതൽ ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.


ഇതിന് മുന്നോടിയായി ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും. ഈ സാഹചര്യത്തിൽ റെയിൽ പാളത്തിൽ അപകടകരമായ രീതിയിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ടവരെ അടിയന്തമായി വിവരങ്ങൾ അറിയിക്കണമെന്ന് റെയിവെ പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K