26 July, 2021 05:39:35 PM


തൃശൂരില്‍ വീണ്ടും വായ്പാ തട്ടിപ്പ്: കാരമുക്ക് ബാങ്കിൽ വ്യാജസ്വർണം പണയപ്പെടുത്തി 36 ലക്ഷം തട്ടി



തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെ തൃശൂർ കാരമുക്ക് സർവീസ് സഹകരണ ബാങ്കിലും വായ്പ തട്ടിപ്പ്. വ്യാജ സ്വർണ്ണാഭരണം പണയംപ്പെടുത്തി ബാങ്ക് അംഗമാണ് തട്ടിപ്പ് നടത്തിയത്. 22 വായ്പകളായി ബാങ്ക് അംഗം 36 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ ബാങ്ക് മാനേജരെ സസ്പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് ബാങ്ക് പ്രസിഡന്‍റ് പൊലീസിൽ പരാതിനൽകി.


സംസ്ഥാനത്ത് നിരന്തരമായി ബാങ്ക് തട്ടിപ്പ് വാർത്തകളാണ് പുറത്തുവരുന്നത്. ഇതിനിടെ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ബിനാമി പണമുപയോഗിച്ച് കൊച്ചിയിലും ബിസിനസുള്ളതായി കണ്ടെത്തത്തിയിരുന്നു. വിദേശത്തേക്ക് കടന്ന പ്രതി കിരൺ കൊച്ചിയിൽ ബിനാമി പണമുപയോഗിച്ച് ബിസിനസ് നടത്തിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.


കൂളെക്‌സ് എന്ന പേരിൽ മെഡിക്കൽ ഉപകരണങ്ങളുടെ കമ്പനിയാണ് പ്രതികൾ നടത്തിയിരുന്നത്. ബിജു കരീമിന്റെ ബിനാമി പണമാണ് ഇതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 44 ആധാരങ്ങൾ വച്ച് പ്രതികൾ 23 കോടി രൂപ കൊച്ചിയിൽ എത്തിച്ചിരുന്നു. ഈ പണം ഉപയോഗപ്പെടുത്തിയായിരുന്നു ബിസിനസ് ആരംഭിച്ചത്. സിപിഐഎം ലോക്കൽകമ്മിറ്റി അംഗങ്ങളായ ബ്രാഞ്ച് സെക്രട്ടറി സുനിൽ കുമാർ, ബ്രാഞ്ച് മാനേജർ ബിജു കരിം, ബ്രാഞ്ച് സെക്രട്ടറിയും സീനിയർ അക്കൗണ്ടന്റുമായ ജിൽസൺ എന്നിവരാണ് പ്രതികൾ. വസ്തു പണയത്തിന് സ്ഥലത്തിന്റെ മൂല്യത്തിൽ കവിഞ്ഞ വായ്പ നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.


കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വൻ വായ്പ തട്ടിപ്പ് നടന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. 2014, 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകർക്ക് പണം പിൻവലിക്കാൻ എത്തുമ്പോൾ പണം ലഭ്യമായിരുന്നില്ല. ഇതേതുടർന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തിൽ ആറ് മുൻ ജീവനക്കാർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്.


മുൻ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുൻകൈ എടുത്താണ് പരാതി നൽകിയത്. പലർക്കും ആവശ്യത്തിൽ അധികം പണം വായ്പയായി നൽകിയെന്നാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നൽകിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരം. കുറച്ച് ദിവസം മുൻപ് കേസിൽ എഫ്‌ഐആർ ഇട്ടിട്ടതിനെ തുടർന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K