08 August, 2021 11:04:53 PM


വിദ്യാഭ്യാസ മുന്നേറ്റം: മണിയൂർ പഞ്ചായത്തിന്റെ 'ഉയരെ' പദ്ധതി ഉദ്ഘാടനം ചെയ്തു


കോഴിക്കോട് : വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി മണിയൂർ ഗ്രാമപഞ്ചായത്ത്  ആവിഷ്‌കരിച്ച 'ഉയരെ' പദ്ധതി മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രൈമറി, സെക്കന്ററി, പൊതുവിഭാഗം തുടങ്ങി എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ള സമഗ്ര വിദ്യാഭ്യാസ പരിപോഷണ പരിപാടിയാണ് 'ഉയരെ'. അടിസ്ഥാന വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പു വരുത്തുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് മണിയൂരിൽ നിന്നും പുതുതലമുറയെ വളർത്തിയെടുക്കുക എന്നത് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നു.

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനും കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുന്നതിനും പ്രാധാന്യം നൽകും. ഓൺലൈൻ വിദ്യാഭ്യാസം ഫലപ്രദവും കാര്യക്ഷമവുമാക്കുക, നിരന്തരമായ രക്ഷാകർതൃ പിന്തുണാ പരിപാടികൾ, കൗൺസലിംഗ്, കരിയർ ഗൈഡൻസ്, അധ്യാപക ശാക്തീകരണം, അധ്യാപക ക്കൂട്ടായ്മകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

പഞ്ചായത്ത് ഭരണ സമിതിയോടൊപ്പം പഞ്ചായത്ത് വിദ്യാഭ്യാസ സമിതി, വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തകർ എന്നിവർ ചേർന്നാണ് പദ്ധതി സാക്ഷാത്കരിച്ചത്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശിമാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കരിയർ ഗൈഡൻസ് വിദഗ്ധൻ ബോണി ജേക്കബിന്റെ നേതൃത്വത്തിൽ പ്ലസ് ടു പരീക്ഷാ വിജയികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K