16 August, 2021 06:35:51 PM


സൂചി ക്ഷാമം: കൊച്ചി കോർപറേഷനിലെ വാക്സിൻ വിതരണം നിലച്ചു



കൊച്ചി: സൂചി ക്ഷാമത്തെ തുടര്‍ന്ന് കൊച്ചി കോര്‍പറേഷനിലെ കോവിഡ് വാക്‌സിന്‍ വിതരണം മുടങ്ങി. ആവശ്യത്തിന് സൂചി ഇല്ലെന്ന വിവരം കോര്‍പ്പറേഷന്‍ അധികൃതര്‍ ആരോഗ്യവകുപ്പിനെ അറിയിക്കാന്‍ വൈകിയതാണ് വീഴ്ച്ചക്ക് കാരണമെന്നാണ് ആരോപണം. എന്നാല്‍ ജില്ലയില്‍ വാക്‌സിന്‍ നല്‍കുന്നതിന് ആവശ്യത്തിന് സൂചി സ്റ്റോക്ക് ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് നല്‍കിയ വിശദീകരണം.


വ്യാപാരികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായിരുന്നു കൊച്ചി കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ പ്രത്യേക വാക്‌സിന്‍ ഡ്രൈവ് സംഘടിപ്പിച്ചത്. ഇതനുസരിച്ച് നിരവധി ആളുകളെ വാക്‌സിന്‍ എടുക്കുന്നതിനായി തയ്യാറാക്കുകയും ചെയ്തിരുന്നു. 


ഇതിനുപിന്നാലെയാണ് സൂചിയുടെ ലഭ്യതക്കുറവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മേയര്‍ എം.അനില്‍കുമാര്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓഡിയോ സന്ദേശം അയച്ചത്. സൂചി ലഭ്യത കുറവ് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിരുന്നുവെന്നാണ് മേയര്‍ എം അനില്‍കുമാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ആവശ്യത്തിന് സൂചി സ്റ്റോക്ക് ഉണ്ടെന്നും ലഭ്യത കുറവ് വിവരം ആരും അറിയിച്ചിരുന്നിലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സൂചിയുടെ ലഭ്യതകുറവ് വന്ന സാഹചര്യത്തില്‍ ഇനിമുതല്‍ വാക്‌സിന്‍ ഒപ്പം സൂചിയും നല്‍കുമെന്ന് വാക്സിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ഡോ. ശിവദാസ് അറിയിച്ചു.


വാക്‌സിന്‍ വിതരണം മുടങ്ങാന്‍ കാരണം കോര്‍പ്പറേഷന്റെ വീഴ്ചയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ച പറ്റിയിട്ടുണ്ടോയെന്നു പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ വാക്സിന്‍ ഡ്രൈവ് മറ്റൊരു ദിവസം നടത്തുമെന്ന് മേയര്‍ എം.അനില്‍കുമാര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K