17 August, 2021 05:55:50 PM


വനിതാധനസഹായ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; അവസാനതീയതി സെപ്റ്റംബര്‍ 15



പാലക്കാട്: സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാവുന്ന വനിതാ ശിശു വികസന വകുപ്പിന്‍റെ ധനസഹായ പദ്ധതികള്‍ താഴെ വിവരിക്കുന്നു.


വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് 'സഹായഹസ്തം' പദ്ധതി


സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെയുള്ള വിധവകള്‍ക്ക് സ്വയം തൊഴിലിന് 30000 രൂപ ധനസഹായം നല്‍കുന്ന 'സഹായ ഹസ്തം ' പദ്ധതിയിലേക്ക് അപേക്ഷിക്കാം.  ഗുണഭോക്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയാവണം. ബി.പി.എല്‍ / മുന്‍ഗണന വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയോ മറ്റ് സര്‍ക്കാര്‍ തലത്തിലോ സ്വയം തൊഴിലിനായി ധനസഹായം ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. സംരംഭത്തിന്റെ വിശദവിവരങ്ങള്‍ ബഡ്ജറ്റ് സഹിതം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.


അശരണരായ വിധവകള്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് 1000 രൂപ ധനസഹായം


50 വയസ്സിന് മുകളില്‍ പ്രായമുള്ള അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭിക്കുന്നതിന് അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം. സ്വന്തമായി താമസിക്കുന്നതിന് സൗകര്യമില്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവര്‍ക്കാണ് സഹായം ലഭിക്കുക.  വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയാനോ സര്‍വീസ് പെന്‍ഷന്‍/ കുടുംബപെന്‍ഷന്‍ കൈപ്പറ്റുന്നവരും ആകരുത്. വിധവകള്‍ക്ക് പ്രായപൂര്‍ത്തിയായ മക്കള്‍ ഉണ്ടാവരുത്.


ഗൃഹനാഥയുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം


വനിത ഗൃഹനാഥരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. ബി.പി.എല്‍ വിഭാഗക്കാരായ വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റത് / പക്ഷാഘാതം കാരണം ജോലി ചെയ്ത് കുടുംബം സംരക്ഷിക്കാന്‍ കഴിയാത്തവര്‍, നിയമപരമായി വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവരുടെ മക്കള്‍, എ.ആര്‍.ടി. തെറാപ്പി ചികിത്സയ്ക്ക് വിധേയരാവുന്ന എച്ച്.ഐ.വി ബാധിതരുടെ കുട്ടികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ ഉള്ളവര്‍ക്ക് 3000 രൂപയും ആറു മുതല്‍ 10 വരെ ക്ലാസുകളില്‍ ഉള്ളവര്‍ക്ക് 5000 രൂപയും പ്ലസ് വണ്‍, പ്ലസ് ടു, ഐടിഐ വിദ്യാര്‍ഥികള്‍ക്ക് 7500 രൂപയും ബിരുദം മുതല്‍ ഉയര്‍ന്ന ക്ലാസ്സുകളില്‍ ഉള്ളവര്‍ക്ക് 10,000 രൂപയും പ്രതിവര്‍ഷം ലഭിക്കും. പരമാവധി രണ്ട് കുട്ടികള്‍ക്ക് മാത്രമേ ധനസഹായം ലഭിക്കൂ.


വിധവകളുടെ മക്കള്‍ക്ക് ധനസഹായത്തിന് 'പടവുകള്‍' പദ്ധതി


സര്‍ക്കാര്‍ - എയ്ഡഡ് സ്ഥാപനങ്ങളില്‍ വിവിധ പ്രൊഫഷണല്‍ കോഴ്സ് ചെയ്യുന്ന വിധവകളുടെ കുട്ടികള്‍ക്ക് ട്യൂഷന്‍- ഹോസ്റ്റല്‍- മെസ്സ് ഫീസ് ഉള്‍പ്പെടെയുള്ളവയ്ക്ക് ധനസഹായം ലഭിക്കുന്നതിന് പടവുകള്‍ ഉന്നത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷിക്കാം.


വിധവകള്‍, വിവാഹ മോചിതര്‍ക്ക് പുനര്‍വിവാഹത്തിനായി 'മംഗല്യ' പദ്ധതി


ബി.പി.എല്‍ / മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 50 വയസിന് താഴെയുള്ള  വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കും പുനര്‍ വിവാഹത്തിന് 25000 രൂപ ധനസഹായം ലഭിക്കുന്നതിനായി മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം.  പുനര്‍ വിവാഹം നടന്ന് ആറ് മാസത്തിനകം അപേക്ഷ നല്‍കണം.


അപേക്ഷ www.schemes.wcd.kerala.gov.in ല്‍ സമര്‍പ്പിക്കാം. മുകളില്‍ പറഞ്ഞ പദ്ധതികളിലേക്ക് സെപ്റ്റംബര്‍ 15 നകം www.schemes.wcd.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K