21 August, 2021 09:58:14 AM


കുട്ടികൾക്കുള്ള ആദ്യ കോവിഡ്​ വാക്​സിൻ തയ്യാർ; 12 വയസിനു മുകളിലുള്ള എല്ലാവർക്കും



ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള ആദ്യ കോവിഡ് വാക്‌സിനായ സൈഡസ് കാഡിലയുടെ സൈകോവ് ഡിയുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് അതോറിറ്റിയുടെ അനുമതി. 12 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാവുന്നതാണിത്. മൂന്ന് ഡോസുള്ള, ലോകത്തെ തന്നെ ആദ്യ ഡി.എന്‍.എ വാക്‌സിനാണ് സൈകോവ് ഡി. 66.6 ശതമാനമാണ് ഫലപ്രാപ്തി. രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ലഭ്യമാവുന്ന ആറാമത്തെ വാക്‌സിന്‍ കൂടിയാണിത്.

സൂചിരഹിത വാക്‌സിനായതിനാല്‍ പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കുമെന്ന് സൈഡസ് കാഡില നേരത്തേ അവകാശപ്പെട്ടിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായ മരുന്ന് കമ്പനി സൈഡസ് കാഡില ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലെ ബയോ ടെക്‌നോളജി വകുപ്പുമായി സഹകരിച്ചാണ് സൈകോവ് ഡി വികസിപ്പിച്ചത്. വാക്‌സിന് അന്തിമ അനുമതി നല്‍കിയതായി ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു.

അമ്പതിലധികം കേന്ദ്രങ്ങളിലായി 28,000 പേരില്‍ സൈകോവ് ഡി മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തിയിട്ടുണ്ടെന്നും രാജ്യത്തെ ഏറ്റവും വലിയ ക്ലിനിക്കല്‍ പരീക്ഷണമാണ് ഇതെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയം വിശദീകരിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍, അമേരിക്കന്‍ വാക്‌സിനുകളായ മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് 18ന് മുകളിലുള്ളവര്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്ന മറ്റു വാക്‌സിനുകള്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K