21 August, 2021 10:04:52 AM


ഐ എസ് എല്ലിന് മുന്നോടിയായ സന്നാഹ മത്സരം; തോല്‍വിയില്‍ തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്സ്



കൊച്ചി: ഐ എസ് എല്ലിന് മുന്നോടിയായി കേരളാ യുണൈറ്റഡ് എഫ് സിക്കെതിരേ നടന്ന പ്രീ സീസണ്‍ ഫുട്ബോള്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. പനമ്പള്ളി നഗറില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളാ യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. പുതിയ കോച്ച് ഇവാന്‍ വുകോമനോവിച്ചിന് കീഴില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ഒന്നാം പകുതിയില്‍ ബുജൈര്‍ നേടിയ ഗോളാണു ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ സീസണിനു മുന്നോടിയായാണു പ്രീ സീസണ്‍ മത്സരങ്ങള്‍. ബിനോ ജോര്‍ജ് കോച്ചായെത്തിയ ശേഷം ആദ്യമായാണു കേരളാ യുണൈറ്റഡ് കളിക്കുന്നത്.

കേരള പ്രീമിയര്‍ ലീഗ് സെമി ഫൈനലിസ്റ്റുകളായ കേരള യുണൈറ്റഡിന് എതിരെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ആല്‍ബിനോ ഗോമസായിരുന്നു ഗോള്‍വലക്ക് കീഴില്‍. സഞ്ജീവ് സ്റ്റാലിന്‍, സന്ദീപ് സിങ്, അബ്ദുല്‍ ഹക്കു, ജെസെല്‍ കര്‍നെയ്റോ എന്നിവര്‍ പ്രതിരോധത്തില്‍ അണിനിരന്നു. ലാല്‍തത്തംഗ ഖോല്‍റിങ്, ഹര്‍മന്‍ജോത് ഖാബ്ര, സെയ്ത്യസെന്‍ സിങ്, പ്രശാന്ത്.കെ മധ്യനിര പോരാളികളായി. ശുഭഘോഷിനും നൗറെം മഹേഷിനുമായിരുന്നു ആക്രമണങ്ങളുടെ നേതൃത്വം. മത്സരത്തിലടനീളം പ്രതിരോധ നിരയടക്കം മികച്ചു നിന്നത് പുതുസീസണില്‍ ടീമിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

42ആം മിനിറ്റില്‍ നടത്തിയ മികച്ച നീക്കത്തിനൊടുവിലായിരുന്നു ബുജൈറിന്റെ ഗോള്‍. ഗോള്‍ മുഖത്തിന് വലതു വശത്ത്നിന്ന് അസാധ്യമായ ആംഗിളില്‍ നിന്നായിരുന്നു ഷോട്ട്. ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിനെ കാഴ്ചക്കാരനാക്കി പന്ത് വലയില്‍ കയറി. പിന്നീട് ഒന്നിന് പിറകെ ഒന്നായി യുണൈറ്റഡ് ഗോള്‍മുഖത്ത് ബ്ലാസ്റ്റേഴ്സ് നീക്കങ്ങള്‍ കണ്ടു. ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ യുണൈറ്റഡ് നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം സമര്‍ഥമായി തടഞ്ഞിട്ടു. ആല്‍ബിനോ ഗോമസിന്റെ മികച്ച സേവുകളും മത്സരത്തില്‍ നിര്‍ണായകമായി. യുണൈറ്റഡ് എഫ്സിക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഓഗസ്റ്റ് 27ന് നടക്കും. സെപ്റ്റംബര്‍ മൂന്നിന് ജമ്മു&കാശ്മീര്‍ ബാങ്ക് എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന സന്നാഹ മത്സരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K