10 September, 2021 08:29:32 PM


കക്ഷത്തിലെ വിയർപ്പ് എടുത്ത് കോവിഡ് പരിശോധന; ഉപകരണം വികസിപ്പിച്ചത് തായ് ശാസ്ത്രജ്ഞർ



ബാങ്കോക്ക്: വിയര്‍പ്പ് ഉപയോഗിച്ച്  കോവിഡ് 19 വൈറസ് സാന്നിധ്യം കണ്ടെത്താൻ സാധിക്കുന്ന മൊബൈൽ വൈറസ് ഡിറ്റക്ടർ വികസിപ്പിച്ചെടുത്തിരിക്കുകയാണ് തായ് ഗവേഷകർ.  ബാങ്കോക്കിലെ മാർക്കറ്റുകളിലെ കച്ചവടക്കാരിൽ കോവിഡ് 19 രോഗ ഭീഷണി രൂക്ഷമാണന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. കക്ഷത്തിലെ വിയര്‍പ്പ് കൊണ്ട് കുതിരുന്ന ടി-ഷർട്ടുകളിൽ വൈറസ് ഒളിച്ചിരിക്കാം എന്നാണ് പ്രാദേശിക ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തെ നേരിടുന്നതിനായി വിയര്‍പ്പ് ഉപയോഗിച്ച് വൈറസ് സാന്നിധ്യം കണ്ടെത്താൻ സാധിക്കുന്ന മൊബൈൽ വൈറസ് ഡിറ്റക്ടർ വികസിപ്പിച്ചെടുത്തത്.

ആദ്യ ഘട്ട പരീക്ഷണം ഈ ആഴ്ച നടത്തി. ബാങ്കോക്കിലെ ഭക്ഷ്യ വിപണിയിലെ കടയുടമകളിലാണ് പരീക്ഷണം നടത്തിയത്. 
"ശേഖരിച്ച സാമ്പിളുകളിൽ നിന്ന് കണ്ടെത്തിയ കോവിഡ് 19 ബാധിച്ച ആളുകൾ പുറപ്പെടുവിക്കുന്ന സ്രവങ്ങളിലെ രാസ വസ്തുക്കൾ വ്യത്യസ്തമാണെന്ന്" ബാങ്കോക്കിലെ ചുലാലോങ്കോൺ സർവ്വകലാശാലയിലെ ഗവേഷകനായ ചാഡിൻ കുൽസിങ് പറയുന്നു.

"കോവിഡ് 19 രോഗികളുടെ വിയർപ്പിൽ കണ്ടു വരുന്ന ചില ബാക്ടീരിയകൾ ഒരു പ്രത്യേക ഗന്ധം പുറപ്പെടുവിക്കാറുണ്ട്. അത് കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണം വികസിപ്പിക്കാൻ ഈ കണ്ടെത്തൽ ഞങ്ങൾ ഉപയോഗിച്ചു. ഈ പരീക്ഷണം 95 ശതമാനം വിജയമായിരുന്നു എന്ന് പറഞ്ഞ ചാഡിൻ ലാബ് പ്രോസസ്സിങ്ങിവും മറ്റും ആവശ്യമായ ചെലവേറിയ സ്വാബ് ടെസ്റ്റുകൾക്ക് പകരം താങ്ങാനാവുന്ന ഒരു ബദൽ ടെസ്റ്റ് ആയി ഇത് ഉപയോഗിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി.

എന്നാൽ പരീക്ഷണം ഇപ്പോഴും വികസന ഘട്ടത്തിലാണ്. ഇതിന് പിന്നിലുള്ള ഗവേഷണങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയോ, സമഗ്രമായി അവലോകനം ചെയ്യുകയോ ചെയ്തിട്ടില്ല. സാധാരണയായി പരിസ്ഥിതിയിലെ വിഷ രാസവസ്തുക്കൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ശാസ്ത്രജ്ഞർ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

വിയർപ്പിന്റെ സാമ്പിൾ എടുക്കുന്നതിനായി ഉപകരണം കക്ഷത്തിൽ 15 മിനിറ്റ് വെയ്ക്കണം. സാങ്കേതിക വിദഗ്ദർ ഒരു സക്ഷൻ ഹോസ് ഉപയോഗിച്ചാണ് ഉചിതമായ അളവ് വിയർപ്പ് ശേഖരിക്കുന്നത്. സാമ്പിൾ ശേഖരണത്തിന് 15 മിനിറ്റ് എടുക്കുമെങ്കിലും ഫലങ്ങൾ 30 സെക്കൻഡിനുള്ളിൽ അറിയാനാകും. ബാങ്കോക്ക് മാർക്കറ്റിലെ കടയുടമകളിൽ നിന്ന് ശേഖരിച്ച വിയർപ്പിൽ നടത്തിയ പരിശോധനകൾ മികച്ച ഫലമാണ് നൽകിയതെന്ന് ഗവേഷകർ പറയുന്നു. ഇത് മൂക്കിൽ നിന്നെടുക്കുന്ന സ്രവത്തെക്കാൾ വളരെ മെച്ചപ്പെട്ട ഫലമാണ് നൽകുന്നത്.

"ഈ വിയർപ്പ് പരിശോധന കൂടുതൽ സൗകര്യപ്രദമാണ്, കാരണം ഫലങ്ങൾക്കായി കാത്തിരിക്കുമ്പോൾ തന്നെ എനിക്ക് ജോലി ചെയ്യാൻ സാധിക്കുന്നുണ്ട്," പരീക്ഷണത്തിൽ സഹകരിച്ച 43കാരനായ ഒരു വിൽപ്പനക്കാരൻ എഎഫ്പിയോട് പറഞ്ഞു. "പിസിആർ പരിശോധന നടത്തുമ്പോൾ, ഞാൻ നേരിട്ട് ഒരു ടെസ്റ്റിംഗ് സെന്ററിൽ എത്തണം, കൂടാതെ അവിടെത്തന്നെ ഫലത്തിനായി കാത്തിരിക്കുകയും വേണം. അത് എന്റെ സമയം ഒരുപാട് പാഴാക്കുന്നുണ്ട്." മറ്റൊരാൾ പറഞ്ഞു.

തായ്ലന്റ് കോവിഡ് 19 മഹാമാരിയുടെ ഏറ്റവും മോശമായ മൂന്നാം തരംഗം നേരിട്ടു കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്‌ച 16,000 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാമാരി തുടങ്ങിയതു മുതലുള്ള കണക്ക് അനുസരിച്ച് ഏകദേശം 13,40000 പേർ രോഗ ബാധിതരായിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K