19 September, 2021 05:35:04 PM


ഐക്യരാഷ്ട്രസഭയിൽ ബാലാവകാശ പ്രസംഗം: ഇന്ത്യക്കാരി വിദ്യാർത്ഥിനി എയ്മിലിന് അഭിനന്ദനപ്രവാഹം



ഫിലാഡൽഫിയ / പാലാ: ഐക്യരാഷ്ട്രസഭയിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ പ്രസംഗം നടത്തിയ പാലാക്കാരിയായ ഇന്ത്യക്കാരി വിദ്യാർത്ഥിനി എയ്മിലിൻ റോസ് തോമസിന് അഭിനന്ദനപ്രവാഹം. എയ്മിലിനെ ഐക്യരാഷ്ട്രസഭ മുൻ ഉദ്യോഗസ്ഥനും മുൻ കേന്ദ്രമന്ത്രിയും എം പിയുമായ ശശി തരൂർ ട്വിറ്ററിലൂടെയും പാലാ എം എൽ എ മാണി സി കാപ്പൻ ഫേസ്ബുക്കിലൂടെയും അഭിനന്ദിച്ചു.

കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ചു ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സമ്മേളനത്തിലെ ഉദ്ഘാടന ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തിയത് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ എയ്മിലിനായിരുന്നു. നൂതന വീക്ഷണങ്ങളുടെ സാധ്യത എന്ന വിഷയമാണ് എയ്മിലിൻ അവതരിപ്പിച്ചത്. കുട്ടികളുടെ അവകാശസമിതിയുടെ യു എൻ ചെയർമാൻ, അസോസിയേറ്റ് ഡയറക്ടർ, യൂനിസെഫ് ആഗോള മേധാവി, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച സെക്രട്ടറി ജനറലിൻ്റെ പ്രത്യേക പ്രതിനിധി എന്നിവരായിരുന്നു ഉദ്ഘാടന ചടങ്ങിലെ മറ്റ് പ്രഭാഷകർ. 


കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസമിതി രണ്ട് വർഷത്തിലൊരിക്കൽ പൊതു ചർച്ചാ ദിനം നടത്തിവരുന്നുണ്ട്. ഈ വർഷത്തെ സമ്മേളനം ഈ മാസം 16, 17 തിയതികളിലായിരുന്നു. കുട്ടികൾ, യുവാക്കൾ, നയരൂപീകരണ നേതാക്കൾ എന്നിവരാണ് യോഗത്തിൽ സംബന്ധിച്ചത്. കോവിഡ് പ്രതിസന്ധിമൂലം ഇത്തവണ ഓൺലൈനിലൂടെയാണ് സമ്മേളനം നടത്തിയത്.

സ്പെഷ്യൽനീഡ് പരിചരണത്തിലുള്ള കുട്ടികൾ എന്നതായിരുന്നു ഈ  വർഷത്തെ വിഷയം. ഈ വിഷയം എയ്മിലിന് വിലയേറിയതായിരുന്നു. ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന  അസ്വാസ്ഥ്യമായ 'കാർഡിയോഫാസിയോക്യുട്ടേനിയസ് സിൻഡ്രോം' എന്ന അപൂർവ്വ ജനിതകമാറ്റം മൂലം പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടിയാണ് എയ്മിലിൻ്റെ സഹോദരൻ ഇമ്മാനുവൽ. പ്രത്യേക പരിചരണം ആവശ്യമുള്ള സഹോദരനെ ശുശ്രൂഷിക്കുന്നതിലൂടെ ആർജ്ജിച്ച ജീവിതാനുഭവങ്ങൾ എയ്മലിനെ കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള വക്താവായി മാറ്റി. സ്കൂളിലെ സംവാദടീമുകളിലെ സമർത്ഥയായ അംഗമാണെന്നാണ് കമ്മിറ്റി ചെയർപേഴ്സൺ മിക്കിക്കോ ഒടാനി എയ്മിലിനെ പരിചയപ്പെടുത്തിയത്.


എയ്മിലിൻ തൻ്റെ സഹോദരൻ ഇമ്മാനുവലിനുള്ള പ്രത്യേക കരുതലിനെക്കുറിച്ചു എഴുതിയ കവിത ശ്രദ്ധിച്ച ന്യൂയോർക്കിലെ അഡെൽഫി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഡോ പവൻ ആൻ്റണിയാണ് ചടങ്ങിലേക്ക് നാമനിർദ്ദേശം ചെയ്തത്. 19 രാജ്യങ്ങളെ പ്രതിനിധീകരിച്ചു ലോകമെമ്പാടുമുള്ള 250 അപേക്ഷകരിൽ നിന്നും 30 അംഗങ്ങളിലൊരാളായി എയ്മിലിനെ തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു വർഷം കുട്ടികളുടെ ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചു. തുടർന്നാണ് ബാലാവകാശത്തെക്കുറിച്ചു പ്രഭാഷണം നടത്താൻ നിയുക്തയായത്.

ഒരു പീഡിയാട്രിക് സർജൻ ആകാനാണ് ആഗ്രഹമെന്ന് എയ്മിലിൻ പറയുന്നു. ഒപ്പം കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന അഭിഭാഷകനാകാനും താത്പര്യമുണ്ട്. സഹോദരൻ ഇമ്മാനുവലിനെ പരിചരിച്ച അനുഭവം പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ മികച്ച ഭാവി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിന് പ്രചോദനമായെന്നും എയ്മലിൻ പറഞ്ഞു.

മൗണ്ട് സെൻ്റ് ജോസഫ് അക്കാദമി ഹൈസ്കൂളിൽ 'ഓപ്പറേഷൻ സ്മൈലി'നായി എയ്മിലിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ വിഷയമവതരിപ്പിക്കാൻ  എയ്മിലിൻ തിരഞ്ഞെടുത്തത് ഇന്ത്യൻ വസ്ത്രമായിരുന്നു. ഇന്ത്യൻ സംസ്ക്കാരം രത്തിന് അതിൻ്റെതായ മൂല്യമുള്ളതുകൊണ്ടാണ് ഇന്ത്യൻ വസ്ത്രം തിരഞ്ഞെടുത്തതെന്ന് മാതാ പിതാക്കളായി ജോസും മെർലിനും പറഞ്ഞു. ഇന്ത്യയുടെയും കേരളത്തിൻ്റെയും സംസ്ക്കാരവും മൂല്യങ്ങളും കുട്ടികളിൽ വളർത്തിയെടുക്കാൻ എപ്പോഴും ശ്രമിക്കാറുണ്ടെന്നും ഇവർ പറഞ്ഞു.

ഫിലാഡൽഫിയായിൽ സ്ഥിരതാമസമാക്കിയ  പാലാ ആവിമൂട്ടിൽ ജോസ് തോമസിൻ്റെയും മൂലമറ്റം കുന്നയ്ക്കാട്ട് മെർലിൻ അഗസ്റ്റിൻ്റെയും മകളാണ് എയ്മലിൻ. ജോസ് സ്പ്രിംഗ് ഫോർഡ് ഏരിയ ഹൈസ്കൂളിൽ ഗണിത അധ്യാപകനും മെർലിൻ ഫാർമ മേജർ ഫൈസർ ഇൻ കോർപ്പറേഷനിൽ ഗ്ലോബൽ കംപ്ലയിൻസ് അസോസിയേറ്റ് ഡയറക്ടറുമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K