27 September, 2021 10:35:31 PM


തീരം വിടാതെ ഗുലാബ്: അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ട്



തിരുവനന്തപുരം: ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാലാണ് ഈ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചത്.  ബാക്കി മുഴുവൻ ജില്ലകളിലും യെല്ലോ അലേർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. ഗുലാബ് ചുഴലിക്കാറ്റിന്‍റെ ഫലമായി സംസ്ഥാനത്ത് മഴയ്ക്കൊപ്പം 41 മുതൽ 61 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഒഡീഷ, ആന്ധ്ര തീരങ്ങളിലെത്തിയ ഗുലാബ് ചുഴലിക്കാറ്റിൽ മൂന്ന് മരണങ്ങളാണ് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തത്.

വിശാഖപട്ടണത്തിന്‍റെ നിരവതി ഇടങ്ങളിൽ മണ്ണിടിച്ചിലിനെതുടർന്ന് ഗതാഗത തടസ്സമുണ്ടായി. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ട രുക്ഷമാണ്. ഗുലാബ് ചുഴലാക്കാറ്റിനെ തുടർന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ 34 ട്രെയിനുകള്‍ റദ്ദാക്കി. 17 എണ്ണം വഴിതിരിച്ചുവിട്ടു.

രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും അരലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. നാവികസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. ബുധനാഴ്ച വരെ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിലും മൂന്ന് ദിവസം കൂടി പരക്കെ മഴയുണ്ടാകും എന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K