29 September, 2021 03:26:20 PM


ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതികൾ‌ പിടിയിൽ



ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസി‌ൽ പ്രതികള്‍ പിടിയില്‍. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പിടിയിലായത്. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷം കൊല്ലത്ത് നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സ്ഥിരം മാല മോഷണ കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ ആരോഗ്യപ്രവർത്തകയെ ഇരുവരും ചേര്‍ന്ന്  തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു.

യുവതിയെ അടിച്ചുവീഴ്ത്തിയതിന് പിന്നാലെ സ്വര്‍ണാഭരണങ്ങള്‍ കവരാനായിരുന്നു ആദ്യശ്രമം. പിന്നാലെ തട്ടിക്കൊണ്ട് പോകാനും ശ്രമം നടന്നു. എന്നാല്‍ സംഭവ സ്ഥലത്ത് എത്തിയ തൃക്കുന്നപ്പുഴ പൊലീസിന്‍റെ പെട്രോളിങ് സംഘത്തെ കണ്ട് അക്രമികൾ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് നിന്ന് ലഭിച്ച അവ്യക്തമായ സിസിടിവി ദൃശ്യങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലെ നഴ്സിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. പ്രതികൾക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K