29 September, 2021 11:59:00 PM


ഏറ്റുമാനൂർ നഗരസഭയുടെ സ്ഥലത്ത് വ്യാപകമായ കയ്യേറ്റമെന്ന് കണ്ടെത്തൽ



ഏറ്റുമാനൂർ : നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത്‌ വ്യാപകമായി കയ്യേറ്റം നടന്നതായി കണ്ടെത്തി. ഇന്ന് സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിന് നടന്ന സർവ്വേയിലാണ് കണ്ടെത്തൽ. മുൻസിപ്പാലിറ്റി തലത്തിൽ താലൂക്ക് സർവേയറുടെയും, മുൻസിപ്പൽ സെക്രട്ടറിയുടെയും മേൽനോട്ടത്തിലാണ് സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടന്നത്.


മുനിസിപ്പാലിറ്റിയുടെ  സ്ഥലം എത്രത്തോളം വ്യക്തികൾ  കൈയ്യേറിയിട്ടുണ്ടെന്നു പരിശോധിക്കുന്നതിനാണ് സർവ്വേ നടത്തിയത്. ഏറ്റുമാനൂർ നഗരസഭയ്ക്ക് അഞ്ചേക്കറോളം സ്ഥലം ഉണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം അളന്ന് കുറ്റി സ്ഥാപിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും പ്രധാന റോഡിലേക്കുള്ള വഴിയുടെ ഇരുവശവും സർവേ നടത്തി. റോഡിന്റെ വശത്തുള്ള  വ്യാപാരസ്ഥാപനങ്ങൾ മിക്കവയുടെയും മുൻവശം കയ്യേറിയതായാണ് സർവേയിൽ കാണുന്നത്. കുറ്റിയടിച്ച ഭാഗത്തുനിന്നും അളന്നാൽ കടകളുടെ മുൻവശത്തെ സ്റ്റെപ്പുകൾ പലതും പൊളിച്ചു മാറ്റേണ്ടി  വരുമെന്നാണ് സൂചന.


നിലവിൽ നഗരസഭയുടെ സ്ഥലവുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നതിനാൽ, കമ്മറ്റി എടുത്ത തീരുമാനപ്രകാരമാണ് താലൂക്ക് സർവ്വേയറെ വിളിച്ചുവരുത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. നഗരസഭ കൗൺസിൽ യോഗത്തിൽ ഇക്കാര്യങ്ങൾ, ചർച്ചയ്ക്ക് വെയ്ക്കുകയും, കമ്മറ്റി തീരുമാന പ്രകാരം തുടർനടപടികൾ ഉണ്ടാവുകയുള്ളൂവെന്നും നഗരസഭ അധികൃതർ പറഞ്ഞു. മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ലൗലി ജോർജ്, വൈസ് ചെയർമാൻ കെ.ബി. ജയമോഹൻ, സെക്രട്ടറി കവിത എസ് നായർ, എ ഈ ജോസഫ് വിൽഫ്രഡ്‌, മറ്റ് കൗൺസിലർമാർ തുടങ്ങിയവരും പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K