06 October, 2021 12:09:01 AM


ഫേസ്ബുക്ക് സന്ദേശങ്ങള്‍ അയച്ച് പണം തട്ടാന്‍‌ ശ്രമം; ജില്ലാ പോലീസ് മേധാവിക്ക് പരാതി



കോട്ടയം: ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിനുളള ശ്രമങ്ങള്‍ വീണ്ടും വ്യാപകമായി. യഥാര്‍ത്ഥ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് വിവരശേഖരണം നടത്തി ഉടമയുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യും. പിന്നീട് സമാനമായ രീതിയില്‍ പുതിയ അക്കൗണ്ട് ഉണ്ടാക്കി യഥാര്‍ഥ അക്കൗണ്ട് ഉടമയുടെ സുഹൃത്തുക്കളുമായി തട്ടിപ്പുസംഘം ബന്ധം സ്ഥാപിക്കുകയും അത്യാവശ്യ കാര്യങ്ങള്‍ പറഞ്ഞ് കാശ് കടം വാങ്ങിക്കുകയുമാണ് ചെയ്യുന്നത്. 

ഏറ്റുമാനൂര്‍ സ്വദേശിയുടെ പേരില്‍ ഇങ്ങനെ പണം തട്ടാനുള്ള ശ്രമം നടക്കുന്നതായി അറിഞ്ഞതിനെതുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി അയച്ചു. ഇദ്ദേഹത്തിന്‍റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍നിന്നും സുഹൃത്താകാനുള്ള സന്ദേശമാണ് പലര്‍ക്കും ആദ്യം ചെന്നത്. ഈ സന്ദേശം സ്വീകരിച്ചവരോട് പണം ആവശ്യപ്പെടുകയായിരുന്നു പിന്നീട് ചെയ്തത്. ഇരുപതിനായിരവും അതിനുമുകളിലും തുക സഹായമായി ചോദിച്ചായിരുന്നു തുടക്കം. വളരെ അത്യാവശ്യമാണെന്ന് പറ‍ഞ്ഞ് പണം ഗൂഗിള്‍ പേ വഴി അയക്കാനായിരുന്നു നിര്‍ദ്ദേശം.

തന്‍റെ കയ്യില്‍ പണമില്ലെന്നും ആയിരം രൂപയേ ഉള്ളു എന്നും പറ‍ഞ്ഞ പാലാ സ്വദേശിയോട് എന്നാല്‍ ഉള്ള തുക ട്രാന്‍സ്ഫര്‍ ചെയ്യണമെന്നായി ആവശ്യം. സംശയം തോന്നിയ ഇദ്ദേഹം പത്രപ്രവര്‍ത്തകനായ ഏറ്റുമാനൂര്‍ സ്വദേശിയെ ടെലിഫോണില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. 7693059296 എന്ന നമ്പരില്‍നിന്നാണ് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം പലര്‍ക്കും ഇപ്പോള്‍ എത്തികൊണ്ടിരിക്കുന്നത്. സന്ദേശങ്ങള്‍ ലഭിച്ച ചിലര്‍ അയച്ചുകൊടുത്ത സ്ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് പേജില്‍ മുന്നറിയിപ്പ് നല്‍കികൊണ്ട് സന്ദേശമിട്ട ഇദ്ദേഹം പ്രൊഫൈല്‍ ചിത്രവും ഇതോടൊപ്പം മാറ്റി. 

മുമ്പ് ദേവികുളം സബ്കലക്ടറുടെ പേരിലും സിനിമാ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമായ ബാദുഷയുടെ പേരിലും പണം ആവശ്യപ്പെട്ട് വ്യാജസന്ദേശം വന്നിരുന്നു. ഒട്ടേറെ പേര്‍ ഇത്തരം തട്ടിപ്പില്‍ വീഴുകയും കാശ് നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഉത്തേരേന്ത്യ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന. സന്ദേശമയക്കുന്നവര്‍ക്ക് മലയാളത്തില്‍ മറുപടി നല്‍കിയാല്‍ തിരിച്ച് മറുപടിയുണ്ടാകാറില്ലെന്നാണ് അനുഭവസ്ഥരില്‍ പലരും പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K