06 October, 2021 09:43:09 PM


വിഴിഞ്ഞം ആയുധ വേട്ട; എൽടിടിഇ മുൻ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗം പിടിയിൽ



കൊച്ചി: വിഴിഞ്ഞം ആയുധ വേട്ട കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. ലക്ഷദ്വീപ് സമൂഹത്തിലെ മിനിക്കോയ് ദ്വീപിനടുത്ത് ആയുധങ്ങളും മയക്കുമരുന്നുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതിയാണ് പിടിയിലായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ താമസമാക്കിയ ശ്രീലങ്കന്‍ സ്വദേശി സത്കുനയെ(47)യാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. പ്രതി എല്‍ടിടിഇ മുന്‍ രഹസ്യാന്വേഷണ വിഭാഗം അംഗമെന്ന് എന്‍ഐഐ അറിയിച്ചു. മാര്‍ച്ച് 25 നാണ് പാകിസ്ഥാനില്‍ നിന്ന് ഏതാണ്ട് 300 കിലോ ഹെറോയിനുമായി പോകുകയായിരുന്ന ശ്രീലങ്കന്‍ ബോട്ടിനെ തീരസംരക്ഷണ സേന പിടികൂടിയത്.


ബോട്ടില്‍ നിന്ന് അഞ്ച് എകെ 47 തോക്കും ആയിരം തിരകളും കണ്ടെടുത്തിരുന്നു. കേസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രധാന പ്രതി എന്‍ഐഎ പിടിയിലായത്. ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ അന്വേഷണത്തില്‍ ഇയാള്‍ നിരോധിത സംഘടനയായ എല്‍ടിടിഇയുടെ മുന്‍ രഹസ്യാന്വേഷണ വിഭാഗം അംഗമാണെന്ന് തിരിച്ചറിഞ്ഞു. തമിഴ്‌നാട്ടില്‍ അടക്കം താമസിച്ച് എല്‍ടിടിഇയോട് അനുഭാവമുള്ളവരുടെ യോഗം ഇയാള്‍ സംഘടിപ്പിച്ചതായി എന്‍ഐഎ പറയുന്നു. കേസിൽ വിശദമായ അന്വേഷണം തുടരുമെന്നും എൻഐഎ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K