07 October, 2021 11:58:47 PM


കൊച്ചിയിൽ10 രൂപയ്ക്ക് ഊണ്; സമൃദ്ധി@കൊച്ചി ജനകീയ ഹോട്ടല്‍ മഞ്ജുവാര്യർ തുറന്നു



കൊച്ചി: കൊച്ചിയിൽ ഇനി 10 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കും. കൊച്ചി നഗരസഭയുടെ ജനകീയ ഹോട്ടല്‍ സമൃദ്ധി@കൊച്ചി ചലച്ചിത്രതാരം മഞ്ജുവാര്യര്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം നോര്‍ത്ത് പരമാര റോഡിലുളള നഗരസഭ കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. താന്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. മിതമായ നിരക്കില്‍ പോഷക സമൃദ്ധമായ ഭക്ഷണം വിളമ്പുന്ന വനിതകള്‍ക്കായുളള സംരംഭത്തില്‍ തന്നെ ക്ഷണിച്ചതില്‍ അഭിമാനമുണ്ടെന്നു, മേയറോട് നന്ദിയുണ്ടെന്നും മഞ്ജുവാര്യര്‍ അറിയിച്ചു.

വനിതകള്‍ക്കായുളള സംരംഭം ഉദ്ഘാടനം ചെയ്യുവാന്‍ ഏറ്റവും അനുയോജ്യയായ വ്യക്തിയെയാണ് നമുക്ക് ലഭിച്ചതെന്ന് അദ്ധ്യക്ഷത വഹിച്ച മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഇന്ന് 14 കുടുംബശ്രീ പ്രവര്‍ത്തകരുടെ വരുമാന മാര്‍ഗ്ഗമായ ഈ സംരംഭത്തിന് തുടക്കം കുറിക്കുവാന്‍ മനസ്സ് കാണിച്ച് മഞ്ജു വാര്യര്‍ക്ക് മേയര്‍ കൊച്ചി നഗരത്തിന്‍റെ ആദരവറിയിച്ചു.

നാശോന്മുഖമായിരുന്ന പഴയ കെട്ടിടമാണ് ഈ കൗണ്‍സില്‍ നവീകരിച്ച് ജനകീയ ഹോട്ടലാക്കി മാറ്റിയത്. ഹോട്ടലിന്‍റെ ഗുണഭോക്താക്കളിലും ഏറിയ പങ്ക് സ്ത്രീകളായിരിക്കും. നഗരത്തില്‍ വസ്ത്രശാലകളിലും മറ്റും ചെറിയ വരുമാനത്തിന് തൊഴിലെടുക്കുന്ന വനിതകള്‍ക്ക് കൂടി മിതമായ നിരക്കില്‍ ഭക്ഷണം നല്‍കുക എന്ന ഉദ്ദ്യേശ്യത്തോടെയാണ് സംരംഭം ആരംഭിച്ചത്. ഇതേ കെട്ടിടത്തില്‍ തന്നെ പണി പൂര്‍ത്തിയാകുന്ന ഷീ ലോഡ്ജില്‍ താമസക്കാരായവര്‍ക്കും ഹോട്ടലിന്‍റെ പ്രയോജനം ലഭിക്കും. സംസ്ഥാന സര്‍ക്കാരില്‍ പ്രചോദനമുള്‍ക്കൊണ്ട് കൊണ്ടുളള ആശയം കേരളത്തിലെ മുഴുവന്‍ നഗരസഭകള്‍ക്കും മാതൃകയായി മാറുമെന്ന് ഉറപ്പാണെന്നും അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു.

നഗരസഭ ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പ് രഹിത കൊച്ചി എന്ന ആശയം എന്‍.യു.എല്‍.എം. പദ്ധതി വഴിയാണ് നടപ്പാക്കുന്നത്. കിച്ചനിലേക്കാവശ്യമായ 20 ലക്ഷം രൂപ ചെലവ് വരുന്ന സാമഗ്രികള്‍ തങ്ങളുടെ സി.എസ്.ആര്‍. ഫണ്ട് ഉപേയോഗിച്ച് മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പാണ് സംഭാവന ചെയ്തിട്ടുളളത്. സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ട് (എസ്.സി.എം.എസ്.) ആണ് ഹോട്ടലിന്‍റെ രൂപകല്‍പ്പന ചെയ്തത്. 

കൊച്ചി നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തകരായ 14 വനിതകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോട്ടലിലെ തൊഴിലാളികള്‍.. കേന്ദ്രീകൃത അടുക്കള എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കുന്നത് കുടുംബശ്രീയുടെ അക്രഡിറ്റഡ് ഏജന്‍സിയായ എ.ഐ.എഫ്.ആര്‍.എച്ച്.എം. വഴിയാണ്. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ സ്വാഗതം പറഞ്ഞു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബലാല്‍ നഗരസഭയുടെ ഉപഹാരം മഞ്ജുവാര്യര്‍ക്ക് കൈമാറി. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരയ പി.ആര്‍. റെനീഷ്, ടി.കെ. അഷറഫ്, സുനിത ഡിക്സണ്‍, ജെ. സനില്‍മോന്‍, വി.എ. ശ്രീജിത്ത്, കൗണ്‍സിലര്‍ ആന്‍റണി കുരീത്തറ എന്നിവര്‍ പങ്കെടുത്തു. അഡീ. സെക്രട്ടറി എ.എസ്. നൈസാം ചടങ്ങിന് നന്ദി അറിയിച്ചു. ഹോട്ടലിന് പേര് നിര്‍ദ്ദേശിച്ച കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ കൂടിയായ ഹരികൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K