11 October, 2021 07:42:39 PM


ബത്തേരി കോഴക്കേസ്; കെ സുരേന്ദ്രനും പ്രസീതയും ശബ്ദ പരിശോധനയ്ക്ക് വിധേയരായി



കൊച്ചി:  നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിയ്ക്കുന്നതിനായി സി.കെ.ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പരാതിക്കാരിയായ ജെ.എര്‍.പി ട്രഷറര്‍ പ്രസീത അഴീക്കോടും കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദസാമ്പിള്‍ നല്‍കി. ക്രൈബ്രാഞ്ചിന്റെ ആവശ്യപ്രകാരം സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശബ്ദപരിശോധനയ്ക്ക് ഉത്തരവിട്ടത്.


വയനാട്ടില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ശബ്ദപരിശോധന. കെ.സുരേന്ദ്രനും പ്രസീത അഴിക്കോടു തമ്മില്‍ നടത്തിയതെന്ന പേരില്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ഭാഗങ്ങളാണ് ശബ്ദപരിശോധനയില്‍ ഉള്‍പ്പെടുത്തിയതും. ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ മൂന്നു മിനിട്ട് ഭാഗം തെരഞ്ഞെടുത്ത് അഞ്ചു തവണ വായിപ്പിയ്ക്കുകയാണ് ചെയ്തത്. മുദ്രവെച്ച കവറില്‍ ലഭിച്ച ശബ്ദസാമ്പിള്‍ തിരുവനന്തപുരത്തെ ലാബില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.


അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിയ്ക്കുമെന്നായിരുന്നു പരിശോധനയ്ക്ക് ശേഷം കെ.സുരേന്ദ്രന്റെ പ്രതികരണം.കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ ഉറപ്പുള്ളതുകൊണ്ടാണ് പിണറായിയുടെ പോലീസിനോട് സഹകരിയ്ക്കുന്നത്. ശബ്ദം മാത്രമല്ല രക്തവും പരിശോധനയ്ക്ക് നല്‍കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.


തനിയ്ക്കും  പാര്‍ട്ടിയ്ക്കുമെതിരായ അന്വേഷണങ്ങള്‍ നിലനില്‍ക്കില്ല.എല്ലാ കുപ്രചാരണങ്ങളും തള്ളിക്കളയുന്നു. നിരപരാധിത്വം തെളിയിക്കും.ചെമ്പോല വിവാദത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പച്ചക്കള്ളമാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.സി.പി.എമ്മിനുവേണ്ടി ഉണ്ടാക്കിയതാണ് മോന്‍സന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത വ്യാജരേഖ.ചെമ്പോല പുറത്തുവിട്ട സംഘം തന്നെയാണ് സ്വപ്‌നയുടെ ശബ്ദരേഖ പുറത്തുവിട്ടത്. പാര്‍ട്ടിയ്‌ക്കെതിരായി ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.


കെ.സുരേന്ദ്രനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രസീത അഴിക്കോട് ശബ്ദപരിശോധനയ്ക്കുശേഷം വ്യക്തമാക്കി.തിരുവനന്തപുരത്തും വായനാട്ടുമായി കെ.സുരേന്ദ്രന്‍ സി.കി.ജാനുവിന് നല്‍കിയ 35 ലക്ഷത്തിനുമപ്പുറം മൂന്നരകോടി രൂപയുടെ ഇടപാടുകളാണ് വയനാട്ടില്‍ നടന്നതെന്ന് പ്രസീത ആരോപിച്ചു.പ്രചാരണത്തിനെന്ന പേരില്‍ എത്തിച്ച ഈ പണം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിച്ചില്ല. തുക പലര്‍ക്കും വീതിച്ചുനല്‍കുകയായിരുന്നു.


ഇത് ബിജെപി ജില്ല നേതാക്കള്‍ തന്നെ നല്‍കിയ കണക്കാണെന്നും പ്രസീത ആരോപിച്ചു. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണ്. അന്ന് സംസാരിച്ചത് പോലെ സംസാരിച്ചാണ് സാമ്പിള്‍ നല്‍കിയത്. ബിജെപി നേതാക്കള്‍ അന്വേഷണത്തെ ഭയക്കുന്നു. കേസുമായി ബന്ധപ്പെട്ടവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്നും പ്രസീത അഴീക്കോട് പറഞ്ഞു.താന്‍ അന്ന് ഉപയോഗിച്ച ഫോണ്‍ അപ്പോള്‍ തന്നെ പൊലീസിന് കൈമാറിയിരുന്നു. താന്‍ അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും കെ സുരേന്ദ്രനാണ് മറിച്ച് പ്രവര്‍ത്തിച്ചതെന്നും പ്രസീത പറഞ്ഞു.


ജാനുവിന് സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വച്ച് 10 ലക്ഷവും ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് ജെ.ആര്‍.പി മുന്‍ നേതാവായിരുന്ന പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.


മാര്‍ച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങള്‍ എന്ന വ്യാജേനെ ജാനുവിന് നല്‍കിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി.കെ. ജാനു സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിയെന്നുമായിരുന്നു പ്രസീതയുടെ പരാതി.മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി.എസ്.പി. സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മറ്റൊരു കേസും സുരേന്ദ്രനെതിരെയുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K