29 October, 2021 09:43:10 PM


'ലിംഗച്ചെടി' രണ്ട് പതിറ്റാണ്ടിനുശേഷം പൂത്തു: കാണാൻ ആയിരങ്ങൾ



ആംസ്റ്റർഡാം: പുരുഷലിംഗത്തിന്റെ ആകൃതിയുള്ള അപൂര്‍വ്വ ചെടി യുറോപ്പില്‍ രണ്ട് പതിറ്റാണ്ടിനുശേഷം പൂത്തു. നെതര്‍ലാന്‍ഡ്സിലെ ഒരു പൂന്തോട്ടത്തിലാണ് അപൂര്‍വ്വത്തില്‍ അപൂര്‍വമായ ഈ ചെടി പൂത്തത്.
നല്ല ഉയരമുള്ള ഈ ചെടിയുടെ ആകൃതി പുരുഷ ലിംഗത്തിന്റേതു പോലെയായതിനാല്‍ ലിംഗച്ചെടി (penis plant) എന്നാണിതിനിനെ വിളിക്കുന്നത്. അത് മാത്രമല്ല വേറെയും പ്രത്യേകതകളുണ്ട് ഈ ചെടിയ്ക്ക്. അഴുകിയ മാംസത്തിന്റേതുപോലുള്ള രൂക്ഷഗന്ധമാണ് അതിനുള്ളത്. ഈ പ്രത്യേകത മൂലം അതിനെ ശവ പുഷ്പമെന്നും വിളിക്കുന്നു. 1997 മുതല്‍ മൂന്നാം തവണയാണ് യൂറോപ്പില്‍ ഈ ഇനം പൂക്കുന്നത്.

ലെയ്ഡന്‍ സര്‍വകലാശാലയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലൈഡന്‍ ഹോര്‍ട്ടസ് ബൊട്ടാണിക്കസിലാണ് ഇപ്പോള്‍ ഇത് പൂവിട്ടിരിക്കുന്നത്. ചെടിയുടെ ശാസ്ത്രീയ നാമം അമോര്‍ഫോഫാലസ് ഡെക്കസ്-സില്‍വ എന്നാണ്. ഈ ചെടി വളരാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് ലൈഡന്‍ സര്‍വകലാശാലയുടെ വെബ്സൈറ്റ് പറയുന്നത്. ഈ ചെടി പൂത്ത വിവരം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവച്ചത്.

ഇന്തോനേഷ്യയിലെയും ജാവയിലെയും കാടുകളിലാണ് ഈ ചെടി കണ്ടുവരുന്നത്. 2015 -ലാണ് ഡച്ച്‌ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ആദ്യമായി ഇത് നട്ടുപിടിപ്പിച്ചത്. പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ ഈ പുഷ്പം വിരിയാന്‍ ഏഴ് വര്‍ഷമെടുക്കും. ഒറ്റ ഇതളില്‍ വിരിയുന്ന ഈ ഭീമന്‍ പുഷ്പത്തിന്റെ ഉയരം ആറടിയാണ്. രണ്ട് പതിറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന ഇതിന് ദിവസങ്ങള്‍ മാത്രമാണ് ആയുസ്സ്.

കഴിഞ്ഞ ആഴ്ച പൂക്കാന്‍ തുടങ്ങിയത് മുതല്‍ അതിന്റെ രൂക്ഷഗന്ധം വകവയ്ക്കാതെ ആയിരക്കണക്കിന് ആളുകളാണ് ഇതിനെ കാണാന്‍ അവിടെ എത്തിയത്. മാംസം ഭക്ഷിക്കുന്ന പ്രാണികളെ പരാഗണത്തിനായി ആകര്‍ഷിക്കാനാണ് മാംസം അഴുകിയ ഗന്ധം ഇത് പുറത്ത് വിടുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K