30 October, 2021 06:06:01 PM


അമ്മ കൊല്ലപ്പെട്ടതിന് സാക്ഷിയായ മകനെയും കൊന്നു; 6 വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ



തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിന് സാക്ഷിയായ മകനെയും കൊന്ന കേസിൽ ആറുവർഷത്തിന് ശേഷം നാലു പ്രതികൾ പിടിയിലായി. വെഞ്ഞാറമൂട് കീഴായിക്കോണം വണ്ടിപുരയിലെ 2015ൽ  നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഈയടുത്താണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിച്ചു തെളിവ് എടുപ്പ് നടത്തി. ഗൃഹനാഥയെ കൊലപ്പെടുത്തിയ കേസില്‍ നിന്നും രക്ഷപ്പെടാന്‍ കേസിലെ ഒന്നാം സാക്ഷിയായ കൊല്ലപ്പെട്ട സ്ത്രീയുടെ മകനെകൂടി കൊലപ്പെടുത്തിയ സംഭവത്തിലാണ് നാല് പേർ ആറു വർഷങ്ങൾക്കുശേഷം പിടിയിലായത്.

2015 മാർച്ചിലായിരുന്നു കേസിസ്പദമായ സംഭവം. കീഴായിക്കോണം വണ്ടിപ്പുര മുക്ക് കൈതറക്കുഴി വീട്ടില്‍ പുഷ്പാംഗദന്‍, ഇയാളുടെ ഭാര്യാ സഹോദരന്‍ വിനേഷ്, വണ്ടിപ്പുരമുക്ക് സ്വദേശികളായ അഭിലാഷ്, സുരേഷ് എന്നിവരാണ് സംഭവം നടന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിലായിട്ടുള്ളത്. അതേസമയം രണ്ടു പ്രതികൾ കേസിൽ നിരപരാധികളാണെന്നും തങ്ങളെ കുടുക്കിയതാണെന്നും നാട്ടുകാരോടു തൊഴുതു കരഞ്ഞു പറയുന്നുണ്ടായിരുന്നു.

കീഴായിക്കോണം സ്വദേശി 32 വയസുള്ള  പ്രദീപാണ് 2015 ൽ  കൊല്ലപ്പെട്ടത്. ഇയാളുടെ മാതാവ് കൊല്ലപ്പെട്ട കേസില്‍ ഒന്നാം സാക്ഷിയായിരുന്നു പ്രദീപ്. പ്രസ്തുത കേസില്‍ സാക്ഷി വിസ്താരം തുടങ്ങുന്നതിന് ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രദീപ് കൊല്ലപ്പെടുന്നത്. കഴുത്തില്‍ കൈലി  മുണ്ട് മുറുക്കിയായിരുന്നു കൊലപാതകം.

തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്‍ പ്രകാരം തിരുവനന്തപുരം ജില്ലാ ഡി.സി.ആര്‍.ബി. കേസ് ഏറ്റെടുത്തു. റൂറല്‍ ഡി.സി.ആര്‍.ബി. എന്‍. വിജുകുമാറിനായിരുന്നു അന്വേഷണ ചുമതല. റൂറല്‍ ജില്ലാ പോലീസ് മേധാവി ജി.കെ. മധു, അഡിഷണല്‍ എസ്.പി, ഇ.എസ്. ബിജുമോന്‍, റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി.സുല്‍ഫിക്കര്‍ എന്നിവര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. എ.എസ്.ഐ. ഷഫീര്‍ ലബ്ബ, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K