08 November, 2021 11:16:07 AM


അതിര്‍ത്തി കടന്ന് ജനം: കേരളത്തില്‍ ഇന്ധനവില്‍പ്പനയില്‍ ഗണ്യമായ ഇടിവ്



കൊച്ചി: കേരളം ഇന്ധനവില കുറയ്ക്കാത്തതിനാല്‍ ജനം അതിര്‍ത്തി കടക്കുന്നു. ഇതോടെ കേരളത്തിന്‍റെ നികുതിവരുമാനം കുറയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ദിവസേന പെട്രോള്‍ ഇനത്തില്‍ ദിവസം 47 കോടി രൂപയുടെയും ഡീസല്‍ ഇനത്തില്‍ 63 കോടി രൂപയുടെയും വ്യാപാരമാണ് നടക്കുന്നത്. ഇവിടെ വില്‍ക്കുന്ന ഡീസലില്‍ 45 ശതമാനം ഉപയോഗവും അയല്‍സംസ്ഥാനങ്ങളിലെ വണ്ടികളാണെന്നാണ് കണക്ക്. കേരളം മൂല്യവര്‍ധിത നികുതി (വാറ്റ്) കുറയ്ക്കാത്ത സാഹചര്യത്തില്‍ അയല്‍സംസ്ഥാന വണ്ടികള്‍ കേരളത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങി.


അതിര്‍ത്തിജില്ലകളില്‍ താമസിക്കുന്ന മലയാളികളും അയല്‍സംസ്ഥാനങ്ങലിലെത്തി ഇന്ധനം നിറക്കുന്ന പ്രവണത ആരംഭിച്ചിരിക്കുകയാണ്. ഇതോടെ കേരളത്തില്‍ ഇന്ധനവില്‍പ്പനയില്‍ വന്‍കുറവാണ് അനുഭവപ്പെടുന്നത്. ഇത് നികുതി വരുമാനം കുറയ്ക്കും. ഇടുക്കി മറയൂരില്‍ മുന്‍പ് ദിവസവും 2000 ലിറ്റര്‍ വരെ പെട്രോളും 3800 ലിറ്റര്‍വരെ ഡീസലും ചെലവായിരുന്നു. ഇത് ഇപ്പോള്‍ 1200, 2600 എന്ന കണക്കിലായി. തമിഴ്നാട്ടിലെ പമ്പുകളെയാണ് ഇപ്പോള്‍ കൂടുതല്‍ ആശ്രയിക്കുന്നത്. തിരുവനന്തപുരത്ത് തമിഴ്നാട് അതിര്‍ത്തിയായ പാറശ്ശാലയില്‍ പെട്രോള്‍ ദിവസവില്‍പ്പന ശരാശരി 1200 ലിറ്ററായിരുന്നത് 700 ലിറ്ററായി. ഇവിടെ തമിഴ്‌നാട്  പടന്താലുംമൂടില്‍ പെട്രോള്‍ ശരാശരി ദിവസവില്‍പ്പന 1200-1300 ലിറ്ററായിരുന്നത് ഇപ്പോള്‍ 1800 ആയി. 


മാഹിയിലെ വിലക്കുറവ് കാരണം വടകര ടൗണിലെയും പരിസരങ്ങളിലെയും പമ്പുകളില്‍ 10 മുതല്‍ 50 വരെ ശതമാനം വ്യാപാരം കുറഞ്ഞു. ദിവസം 6000 ലിറ്റര്‍ പെട്രോള്‍ വിറ്റിരുന്നത് 3500 ആയി. ഡീസല്‍ 5000 ലിറ്റര്‍ വിറ്റ സ്ഥാനത്ത് ഇപ്പോള്‍ 2500 ലിറ്ററുമായിട്ടുണ്ട്. ദേശീയപാത വഴി പോകുന്ന വാഹനങ്ങള്‍ വളരെ കുറച്ചുമാത്രം ഇന്ധനമടിച്ചശേഷം ടാങ്ക് ഫുള്ളാക്കുന്നത് മാഹിയിലെ പമ്പുകളില്‍നിന്നാണ്. മാഹിയില്‍ ദിവസം ഏകദേശം 110 കിലോ ലിറ്റര്‍ പെട്രോളും 215 കിലോലിറ്റര്‍ ഡീസലും വിറ്റിരുന്നു. അതില്‍ 60-70 ശതമാനം വര്‍ധനയുണ്ടായി. തലശ്ശേരി, കൂത്തുപറമ്പ് മേഖലകളിലെ പന്ത്രണ്ടോളം പമ്പുകളെയും ഇത് സാരമായി ബാധിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആകെ ദിവസം 25,000-30,000 ലിറ്ററിന്‍റെ കുറവാണുണ്ടായത്.


വയനാട് തോല്‍പ്പെട്ടിയില്‍ ഡീസല്‍ വില്‍പ്പന മുമ്പുണ്ടായിരുന്നതിനെക്കാള്‍ 1000 ലിറ്ററും പെട്രോള്‍ 500 ലിറ്ററും കുറഞ്ഞു. 50 ശതമാനത്തിന്‍റെ കുറവ്. കര്‍ണാടകത്തിലെ കുട്ടയില്‍ മാത്രം ഡീസല്‍ വില്‍പ്പനയില്‍ 10 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായി. ഇതേസമയം പമ്പിലെത്തുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ മാറ്റമില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. വാഹനങ്ങള്‍ കൂടുതല്‍ എത്തുന്ന മൂലങ്കാവില്‍ ഡീസല്‍വില്‍പ്പന 1200 മുതല്‍ 1300 വരെ ലിറ്റര്‍ കുറഞ്ഞു. 50 ശതമാനത്തിന്‍റെ കുറവ്. 


ഗുണ്ടല്‍പേട്ടില്‍ ഡീസല്‍വില്‍പ്പന 30 ശതമാനം കൂടി. പെട്രോള്‍ 10 ശതമാനവും. കാസര്‍കോട്ട് തലപ്പാടി, പെര്‍ള, മുള്ളേരിയ, അഡൂര്‍, ബന്തടുക്ക എന്നിവിടങ്ങളിലായി സംസ്ഥാന അതിര്‍ത്തിയോടുചേര്‍ന്ന് ഒമ്പത് പെട്രോള്‍ പമ്പുകളില്‍ വ്യാപാരം മൂന്നിലൊന്നായി. തലപ്പാടിയില്‍ കര്‍ണാടകത്തിന്‍റെ ആദ്യ പെട്രോള്‍ പമ്പായ ഐ.ഒ.സി. പമ്പില്‍ പെട്രോള്‍വില്പന 2300 ലിറ്റര്‍ കൂടി. ഡീസല്‍ 6000 ലിറ്ററും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K