17 June, 2016 10:11:32 PM


മരുന്നുവില കുറയ്ക്കാത്ത മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ നടപടി : ആരോഗ്യമന്ത്രി





തിരുവനന്തപുരം : അവശ്യമരുന്നുകളുടെ വില കുറയ്ക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ച സാഹചര്യത്തില്‍ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും വില കുറയ്ക്കാത്ത കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്‍കി.


ഇതിനായി മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തണം. എന്നാല്‍ ഈ ഘട്ടത്തില്‍ മരുന്നിനു ക്ഷാമം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ചില ഷോപ്പുടമകള്‍ വിലക്കുറവ് നല്‍കുന്നില്ല. പാക്കറ്റിലുള്ള എം.ആര്‍.പി ആണ് ഈടാക്കുന്നത്. നിലവിലുള്ള സ്റ്റോക്ക് മരുന്നുകമ്പനികള്‍ തിരിച്ചെടുത്ത് കുറച്ച വില പ്രിന്റ് ചെയ്ത് വില്പന നടത്തുകയാണ് വേണ്ടത്. ക്ലിയറിങ് ആന്‍ഡ് ഫോര്‍വേഡിങ് ഏജന്‍സി ഇതിന് ഇടപെടണം.


സ്റ്റോക്ക് തിരിച്ചെടുത്താല്‍ മരുന്നിനു വലിയ ക്ഷാമമുണ്ടാകും എന്നതാണ് പുതിയ വില പ്രിന്റ് ചെയ്തുവരാനുള്ള താമസത്തിനു കാരണം. ഇത് എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കണം. എന്തുതന്നെയായാലും, പ്രതിസന്ധിയുണ്ടാകാതെതന്നെ അവശ്യമരുന്നുകളുടെ വിലക്കുറവിന്റെ ഗുണം മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K