16 November, 2021 06:38:14 PM


ജനജീവിതത്തിന്‍റെ എല്ലാ രംഗത്തും സഹകരണ മേഖലയുടെ ഇടപെടൽ സാധ്യമാക്കും - മന്ത്രി വാസവൻ



കോട്ടയം: വിശാലവും സമഗ്രവുമായ കാഴ്ചപ്പാടോടെ ജനജീവിതത്തിന്‍റെ എല്ലാ രംഗത്തും  സഹായമെത്തിക്കുന്നതിന് സഹകരണ മേഖലയുടെ ഇടപെടൽ സാധ്യമാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം  കെ.പി.എസ്. മേനോൻ ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 20 വരെയാണ് സഹകരണ വാരാഘോഷം.  


ധനകാര്യ പ്രവർത്തനങ്ങൾക്ക് പുറമേ നിരവധി ക്ഷേമ പ്രവർത്തനങ്ങളും സഹകരണ മേഖല ഏറ്റെടുത്തു വരുകയാണ്.   ഇതിനായി നേരിടുന്ന  വെല്ലുവിളികൾ  അതിജീവിക്കുന്നതിന്  ഉദ്യോഗസ്ഥരും  സഹകാരികളും മികച്ച പിന്തുണയാണ് നൽകുന്നത്‌. സമീപകാലത്ത്  സഹകരണ ബാങ്കിംഗ് മേഖലയിലുണ്ടായ  അരാജകത്വ പ്രവണതകളും ക്രമക്കേടുകളും  തടയുന്നതിന് കാര്യക്ഷമമായ സംവിധാനങ്ങൾ സജ്ജമാക്കി വരുകയാണ്. സി ആന്‍റ് എ ജി മാത്യകയിൽ ത്രിതല സംവിധനം ഏർപ്പെടുത്താനാണ്  ശ്രമിക്കുന്നത്. സമയബന്ധിതമായി ഓഡിറ്റ്  പൂർത്തിയാക്കുന്നതിന് സ്വതന്ത്ര ഓഡിറ്റ് വിഭാഗവും ഓഡിറ്റ് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിന് കോ- ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ആൻ്റ് ഇൻഫർമേഷൻ സിസ്റ്റം എന്ന ഓൺലൈൻ പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്.   പോർട്ടലിൻ്റെ പ്രവർത്തനോദ്ഘാടനം നവംബർ 20 ന്   നടത്തുമെന്നും  അദ്ദേഹം പറഞ്ഞു.


തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ചടങ്ങിൽ  അധ്യക്ഷത വഹിച്ചു.  തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. സഹകരണ രജിസ്ട്രാർ പി.ബി. നൂഹ് സമ്മാനദാനം  നിർവഹിച്ചു. സഹകരണ മേഖല നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ബി.പി. പിള്ള ക്ലാസെടുത്തു. സ്വാഗതസംഘം ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം, ചങ്ങനാശേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ എ.വി. റസൽ, കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ ടി.ആർ. രഘുനാഥൻ, അഡീഷണൽ രജിസ്ട്രാർ എം. ബിനോയ്കുമാർ, ജോയിന്റ് രജിസ്ട്രാർ എൻ. അജിത് കുമാർ,  ,കെ. ജയകൃഷ്ണൻ, ജി. ഗോപകുമാർ, പി. സതീഷ് ചന്ദ്രൻ നായർ, ജോൺസൺ ജോസഫ് പുളിക്കീൽ, പി. ഹരിദാസ്, ജോസഫ് ഫിലിപ്പ്, ടി.സി. വിനോദ്, കെ.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K