17 June, 2016 11:08:53 PM


സംസ്ഥാന പോലീസിനെയും സ്വതന്ത്രമാക്കണം ; എങ്കിലേ നിയമപാലനത്തില്‍ വിശ്വാസമുണ്ടാകൂ




ഒടുവില്‍ ജിഷയുടെ ഘാതകനെ കിട്ടി. 'എല്‍ ഡി എഫ് വന്നു എല്ലാം ശരിയായി' കണ്ടോ? എന്നിങ്ങനെ അണികള്‍ക്ക് ഉത്സാഹം കൂടി. രാഷ്ട്രീയ നേതൃത്വവും അഭിമാനത്താലും ആഹ്ലാദത്താലും തല ഉയര്‍ത്തിപ്പിടിക്കുന്നു. എല്‍ ഡി എഫ് ക്യാമ്പ് തെരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റിയതിന്റെ ഉന്മേഷത്തിലാണ്.  


നിലവിലുള്ള അന്വേഷണ സംഘത്തിന്റെ തലപ്പത്തുള്ളവരെ നീക്കി എ ഡി ജി പി  സന്ധ്യയെ നിയമിച്ചത് ഇടതു സര്‍ക്കാരാണ്. അതുപോലെ ഡി ജി പി യായി ലോക്നാഥ് ബഹ്രയെ ചുമതല എല്പ്പിച്ചതും ഈ സര്‍ക്കാരാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തെളിയിക്കാന്‍  കഴിയാതെ പോയ കുറ്റകൃത്യം വളരെ കൃത്യമായി തെളിയിക്കുക  എന്നത് നിസ്സാര കാര്യമല്ല. ഇടതു സര്‍ക്കാരും  എല്‍ ഡി എഫും  ഇക്കാര്യത്തില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കിയിരിക്കുന്നു.


എന്നാല്‍  കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരും യു ഡി എഫ് നേതൃത്വവും നിരാശരല്ല. അവരും കുറ്റവാളിയെ കണ്ടെത്തിയതില്‍ സന്തോഷ ചിത്തരാണെന്നു മാത്രമല്ല ഇടതു സര്‍ക്കാരിന്റെ മികവിനെ  അംഗീകരിച്ചു കൊടുക്കാന്‍ മടി കാണിക്കുകയും ചെയ്യുന്നു. യു ഡി എഫ് അനുകൂല മാധ്യമങ്ങളാകട്ടെ കേരള പോലീസിന്റെ മികവിനെ ശ്ലാഘിക്കുകയാണ്.


പ്രതിയെ കണ്ടെത്തിയത് കേരള പോലീസിന്റെ മികവാണ്  എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. കാരണം സെന്‍കുമാറിനെ പോലെ ബഹ്രയും സന്ധ്യയുമെല്ലാം പോലീസ് തന്നെയാണല്ലോ! കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകള്‍ അടിത്തറയാക്കി ക്കൊണ്ടാണ് പുതിയ അന്വേഷണ സംഘം പ്രതിയെ പിടിച്ചത്. അതുകൊണ്ട് ഇതിന്റെ ക്രെഡിറ്റ് യു ഡി എഫിന് കൂടി അവകാശപ്പെട്ടതാണ് എന്നാണു വാദം. ഒരുകുട്ടര്‍ അന്വേഷണം നടത്തുമ്പോള്‍ എല്ലാക്കാര്യങ്ങളും പരിഗണിക്കേണ്ടിവരും. പുതിയ സംഘം വന്നതിനാല്‍  പുതിയ തെളിവുകള്‍ ഉണ്ടാക്കണം എന്നൊന്നുമില്ലല്ലോ !


വഴിയില്‍ കിടക്കുന്ന  ഒരു കടലാസ്സു എടുത്തു വയ്ക്കുന്നത് നല്ലത് തന്നെ. എന്നാല്‍ അതില്‍ എന്തെങ്കിലും  എഴുതിയിട്ടുണ്ടോ എന്നു നോക്കാതിരുന്നാല്‍? അത് നോക്കുന്നൊരാള്‍ അതൊരു തുമ്പായി ഉപയോഗിച്ച് സത്യത്തിലേക്ക് ചെന്നെത്തുമ്പോള്‍, ആ കടലാസ്  എടുത്തു വച്ചതിന്റെ അവകാശം തനിക്കാണ് എന്നു പറയുന്നതുപോലുള്ള  അനൌചിത്യമെന്നേ പറയാനാവൂ..


ഈ വക തര്‍ക്കങ്ങള്‍ വീക്ഷിക്കുന്ന നിഷ്പക്ഷ മതിയായ ഒരാള്‍ക്ക്‌ തോന്നാവുന്ന കാര്യമാണ്  ഇനി കുറിക്കാന്‍ പോകുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയോഗിക്കപ്പെട്ട സംഘം ഈ കേസ്സിലെ  പ്രതിയെ കണ്ടുപിടിക്കുമായിരുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ അവര്‍ ഉപയോഗിക്കുമായിരുന്നെങ്കില്‍! എന്ത് കൊണ്ട്  അത് ചെയ്തില്ല? കേരള പോലീസ് മിടുക്കരായിട്ടു കാര്യമില്ല. അവര്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പാവകളാണ്. അങ്ങനെ വരുമ്പോള്‍ ഈ  കേസ് നീണ്ടുപോകട്ടെ എന്നൊരു ആഗ്രഹം യു ഡി എഫിന് ഉണ്ടായിരുന്നു  എന്ന് കരുതണം.


പ്രതി പിടിപ്പിക്കപ്പെടാത്തത് കാരണം രാഷ്ട്രീയമായി നഷ്ടം ഉണ്ടായത് അന്നത്തെ  എം എല്‍ ഏക്കും അതുവഴി സി പി എമ്മിനും എല്‍ഡി എഫ്ഫിനുമാണ്. ഒരു തരം പുകമറ സൃഷ്ടിക്കല്‍. അന്നത്തെ  ആഭ്യന്തര മന്ത്രിയുടെ റോള്‍ അന്വേഷിക്കേണ്ടതാണ് ; മുഖ്യമന്ത്രിയുടെയും.. അവരുടെ പച്ച സിഗ്നല്‍ കിട്ടാത്തതുകൊണ്ട് മാത്രമാകും അന്വേഷണം  വഴിമുട്ടി നിന്നത്.  ഇന്നത്തെ സര്‍ക്കാര്‍  വഴി തുറന്നു കൊടുത്തത് കൊണ്ടാണ് കേസില്‍ തീരുമാനം ഉണ്ടായത്.


എല്‍ ഡി എഫിനെ മുള്‍മുനയില്‍ നിര്‍ത്തുവാനാണോ മറ്റാരെയെങ്കിലും സംരക്ഷിക്കാനാണോ  എന്ന്  തെളിയപ്പെടേണ്ടതുണ്ട്. കേസ് വഴി മുട്ടിക്കാന്‍ മാത്രം ഒരു അസം സ്വദേശി ഒന്നുമല്ല. അങ്ങനെ വരുമ്പോള്‍ ഇയാള്‍ ഒരു വാടക കൊലയാളി ആണോ എന്ന് കൂടി  അന്വേഷിക്കേണ്ടതുണ്ട്.  ദുരൂഹതകള്‍ ഏറെ ബാക്കിയാണ് ഇനിയും ഈ കേസില്‍.


ഒരു കാര്യം പറയാതെ വയ്യ. പല കേസുകളും കണ്ടുപിടിച്ച കേരള പോലീസിന് മുകളില്‍ നിന്നുള്ള  സമ്മര്‍ദമില്ലെങ്കില്‍ നിഷ്പ്രയാസം കണ്ടുപിടിക്കാമായിരുന്ന  കേസുകളില്‍ ഒന്നു മാത്രമാണിത്. സി ബി ഐയ്ക്കുമേല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തെ  അപലപിച്ചിരുന്ന കക്ഷികള്‍ സംസ്ഥാന പോലീസിനെയും സ്വതന്ത്രമാക്കണം. എങ്കിലേ ഇന്നാട്ടിലെ ജനങ്ങള്‍ക്ക്‌ ഇവിടെ നിയമപാലനം ശരിയായ രീതിയില്‍ നടക്കുന്നു  എന്ന് കരുതാനാവൂ..




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K