21 November, 2021 02:36:58 PM


"മരിച്ച" യുവാവ് ഏഴു മണിക്കൂറിനു ശേഷം മോർച്ചറിയിൽ നിന്ന് ജീവനോടെ പുറത്തു വന്നു



ലക്‌നൗ: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചുവെന്നു വിധിയെഴുതി ഡോക്ടർ. പിന്നാലെ 'മൃതദേഹം' മോര്‍ച്ചറിയിലേക്ക് മാറ്റി. ഏഴ് മണിക്കൂറുകള്‍ക്ക് ശേഷം മോര്‍ച്ചറിയിലെ ഫ്രീസറില്‍ കിടത്തിയ മൃത​ദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന്റെ നടപടികള്‍ സ്വീകരിക്കുന്നതിനിടെ ബന്ധുക്കളിലൊരാള്‍ യുവാവ് ചലിക്കുന്നതായി ശ്രദ്ധിച്ചു. ഇതോടെ വന്‍ ട്വിസ്റ്റിനാണ് ആശുപത്രിയില്‍ കളമൊരുങ്ങിയത്. ഉത്തര്‍പ്രദേശിലെ മൊറാ​ദാബാദിലാണ് അമ്ബരപ്പിക്കുന്ന സംഭവം.

അമിത വേ​ഗതയില്‍ വന്ന ബൈക്കിടിച്ച്‌ മൊറാദാബാദില്‍ ഇലക്‌ട്രിക്കല്‍ ജോലി ചെയ്യുന്ന ശ്രീകേഷ് കുമാര്‍ (40) എന്ന യുവാവിനെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് ജില്ലാ ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടു വന്നത്. ആശുപത്രിയില്‍ ഇയാളെ പരിശോധിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ യുവാവ് മരിച്ചതായി അറിയിച്ചു. അടുത്ത ദിവസം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് മുന്നോടിയായി മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റി.

ഏകദേശം ഏഴ് മണിക്കൂറിന് ശേഷം, മൃതദേഹം തിരിച്ചറിഞ്ഞ് പോസ്റ്റുമോര്‍ട്ടത്തിന് സമ്മതപത്രം ഒപ്പിടാനായി കുമാറിന്റെ ഭാര്യാ സഹോദരി മധുബാല എത്തിയപ്പോഴാണ് യുവാവിന്റെ ശരീരം ചലിക്കുന്നതായി ശ്രദ്ധിച്ചത്. ഇവര്‍ മറ്റ് കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി. അവര്‍ ഡോക്ടര്‍മാരെയും പൊലീസിനേയും വിവരമറിയിച്ചു.

പിന്നാലെ ഫ്രീസറില്‍ നിന്ന് യുവാവിനെ ജീവനോടെ പുറത്തെടുത്ത ശേഷം മീററ്റിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. യുവാവിന് ഇതുവരെ ബോധം വന്നിട്ടില്ലെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെന്ന് കുടുംബാം​ഗങ്ങള്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K