25 November, 2021 03:54:19 PM


റോഡ് പണിയാന്‍ നന്നായി അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവക്കണം - ഹൈകോടതി



കൊച്ചി : സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച്‌ പോകണം. റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയെകുറിച്ചുള്ള കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനത്തിന്‍റെ ആവശ്യമാണെന്ന് കരുതാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി, കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് നേരെയാക്കിയ റോഡുകള്‍ മാസങ്ങള്‍ക്കകം പഴയ പടിയായെന്നും ചൂണ്ടിക്കാട്ടി. അതേസമയം, റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലെന്നായിരുന്നു കൊച്ചി നഗരസഭ കോടതിയെ അറിയിച്ചത്. എന്നാല്‍, ഇത്തരം ന്യായീകരണങ്ങള്‍ മാറ്റി നിര്‍ത്തി, പുതിയ ആശയങ്ങള്‍ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും വിവിധ വകുപ്പുകളോട് കോടതി നിര്‍ദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K