11 December, 2021 03:09:27 PM


'ദത്ത് വിവാ​ദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം'; അനുപമയെ കാണാനെത്തി മേധാ പട്കര്‍



തിരുവനന്തപുരം: അനുപമ ദത്ത് വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മേധ പറഞ്ഞു. തിരുവനന്തപുരത്ത് അനുപമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മേധാ പട്കറിന്‍റെ പ്രതികരണം.


തിരുവനന്തപുരത്തെ വൈഎംസിഎ ഹാളിലാണ് അനുപമയെയും കുഞ്ഞിനെയും കാണാന്‍ മേധാപട്കര്‍ എത്തിയത്.  കുഞ്ഞിനെ അനുപമ അന്വേഷിക്കുന്നതറിഞ്ഞിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയ വിവരം മേധയെ ധരിപ്പിച്ചു. പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും സിപിഎം നേതാക്കളും ചേര്‍ന്നാണ് തന്‍റെ കുഞ്ഞിനെ നാടുകടത്തിയതെന്ന് അനുപമ വിശദീകരിച്ചു.


അനധികൃതമായി മകനെ നാടുകടത്തിയവര്‍ക്കെതിരെ ഇപ്പോഴും ഒരു നടപടിയെടുത്തില്ലെന്നും കുറ്റക്കാരെല്ലാം സുരക്ഷിതരാണെന്നും അനുപമ മേധാപട്കറോട് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നായിരുന്നു മേധയുടെ പ്രതികരണം. വനിതാ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും മേധ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും വരെ തുടരുന്ന നിയമപോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് മേധ പട്കര്‍ മടങ്ങിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K